എവിടെ പോയി നിങ്ങളുടെ ദൈവം

 എവിടെ പോയി നിങ്ങളുടെ ദൈവം


Image Credit: WebMD



കൊറോണ എന്ന മഹാമാരി ലോകത്തെ പിടിച്ചിരിക്കുമ്പോള്‍ ഇന്ന് പലരും ചോദിക്കുന്ന ചോദ്യമാണ് എവിടെ പോയി നിങ്ങളുടെ ദൈവം? പള്ളികള്‍ അടഞ്ഞു കിടക്കുന്നു, ധ്യാന കേന്ദ്രങ്ങള്‍ പൂട്ടിയിട്ടിരിക്കുന്നു. അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായ വട്ടായിലച്ചാ, നിപ്പയെ മാറ്റിയ നായ്ക്കാം‍‍‍പറമ്പിലച്ചാ നിങ്ങള്‍ ഇപ്പോള്‍ ഏത് മാളത്തിലണ് ഒളിച്ചിരിക്കുന്നത്? ഉടമ്പടി വെക്കാന്‍ ആരുമില്ലല്ലോ? അപ്പോള്‍ ഇതൊക്കെ ചുമ്മാതായിരുന്നല്ലേ? ചിലരൊക്കെ ചോദിക്കുന്നതും ചോദിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കാനുതുമായ ചോദ്യങ്ങള്‍!

കൊറോണയ്ക്ക് മുമ്പ് പലരും ചോദിച്ചിരുന്ന ഒരു ചോദ്യമുണ്ടായിരുന്നു: വൈദ്യശാസ്ത്രം ഇത്രയേറെ വളര്‍ന്നിട്ടും അത്ഭുതങ്ങള്‍ നടക്കുന്നു എന്നു പറയാന്‍ മാത്രം വിഢികളാണോ നിങ്ങള്‍. ഇപ്പോള്‍ വൈദ്യശാസ്ത്രം തോറ്റപ്പോള്‍ കുറ്റം മുഴുവന്‍ ധ്യാനകേന്ദ്രങ്ങളുടെ മുകളിലായി. വൈദ്യശാസ്ത്രത്തിന് അസാധ്യമായി ഒന്നുമില്ലങ്കില്‍, എനിക്കു തോന്നുന്നു ഇത് തെളിയിക്കാന്‍ നല്ല ഒരു അവസരമാണ് ഇപ്പോള്‍.

അപ്പോള്‍ എന്താണ് സത്യം? ഇപ്പോള്‍ നാം ദൈവത്തില്‍ ആശ്രയിക്കണമോ അതോ വൈദ്യശാസ്ത്രത്തില്‍ ആശ്രയിക്കണമോ? ഇപ്പോള്‍ ദൈവത്തില്‍ ആശ്രയിക്കണം അതുപോലെ വൈദ്യശാസ്ത്രത്തിന്‍റെ വിജയത്തിനായ് പ്രാര്‍ത്ഥിക്കണം. ഇത് മനസിലാക്കാണമെങ്കില്‍ പ്രഭാഷകന്‍റെ പുസ്തകം 38ആം അധ്യായം വായിക്കേണ്ടിയിരിക്കുന്നു. ഉദാഹരണങ്ങള്‍ നോക്കാം: "വൈദ്യന്‍റെ ജ്ഞാനം അത്യുന്നതനില്‍ നിന്ന് വരുന്നു" (പ്രഭാ 38:2), "കര്‍ത്താവ് ഭൂമിയില്‍ ഔഷധങ്ങള്‍ സൃഷ്ടിച്ചു; ബുദ്ധിയുള്ളവന്‍ അവയെ അവഗണിക്കുകയില്ല" (പ്രഭാ 38:4), "മനുഷ്യന്‍റെ അത്ഭുതകൃത്യങ്ങളില്‍ മഹത്വപ്പെടേണ്ടതിന് അവിടുന്ന് അവന് സിദ്ധികള്‍ നല്‍കി. അതു മുഖേന അവന്‍ വേദനയകറ്റുകയും രോഗം സുഗമാക്കുകയും ചെയ്യുന്നു; ഔഷധനിര്‍മാതാവ് അത് ഉപയോഗിച്ച് മിശ്രിതം ഉണ്ടാക്കുന്നു. അവിടുത്തെ പ്രവര്‍ത്തികള്‍ക്ക് അന്തമില്ല; ഭൂമുഖത്ത് അവിടുന്ന് ആരോഗ്യം വ്യാപിപ്പിക്കുന്നു" (പ്രഭാ 38:9-8). അങ്ങനെയെങ്കില്‍ പിന്നെ എന്തിനാണ് ഈ ധ്യാനകേന്ദ്രങ്ങളും അത്ഭുതങ്ങളുമൊക്കെ? ഹാ, അവിടെയല്ലേ ട്വിസ്റ്റ്! മനുഷ്യന്‍ തന്‍റെ കഴിവില്‍ അഹങ്കരിക്കുമെന്നും അതു തെളിയിക്കാന്‍ അവന്‍ ബാബേല്‍ ഗോപുരം പണിയുന്നവനാണെന്നും ദൈവത്തിനറിയാം. അവന്‍ മണ്ടന്നല്ലല്ലോ? അവന്‍റെ കഴിവുകള്‍ ദൈവത്തിന്‍റെ ദാനമാണന്നും ദൈവമില്ലങ്കില്‍ അവന്‍ ഒന്നുമല്ലന്നും തിരിച്ചറിയാനുമാണു വൈദ്യശാസ്ത്രം ഇടയ്ക്കൊക്കെ ഒന്ന് തോല്‍ക്കുന്നത്. അതു ഒരു സുഖമുള്ള ഒരു കാര്യവുമാണ്. കാരണം ഇടയ്ക്കൊന്ന് ദൈവത്തിന്‍റെ കരസ്പര്‍ശം ഏല്‍ക്കുക എന്നത് ഒരു ഭാഗ്യമല്ലെ? അതു പോലെ തന്നെ നമ്മള്‍ കഴിക്കുന്ന ഓരോ മരുന്നിലൂടെയും നമ്മെ സുഖപ്പെടുത്തുന്നതും ദൈവമാണ് തിരിച്ചറിയലും ഉണ്ടാകും.

ഈ ബോധ്യമാണ് നമുക്കീ മഹാമാരിയില്‍ ഉണ്ടാകേണ്ടത്. എത്ര വ്യാകുലതകള്‍ ഉണ്ടായിട്ടും ദൈവത്തെ തള്ളി പറയാതെ ഉറച്ചുനിന്ന ജോബിനെ പോലെ ആയിരിക്കണം നമ്മുടെയും വിശ്വാസം. സങ്കീര്‍ത്തകനോട് ചേര്‍ന്ന് നിന്നുകൊണ്ട് നമുക്കും പ്രാര്‍ഥിക്കാന്‍ സാധിക്കണം: “വിനാശത്തിന്‍റെ കൊടുങ്കാറ്റ് കടന്നുപോകുവോളം ഞാന്‍ അങ്ങയുടെ ചിറകിന്‍ കീഴില്‍ ശരണം പ്രാപിക്കുന്നു" (സങ്കീ 57: 1b).


Please leave your comments and doubts below

Post a Comment

0 Comments