എന്താണ് 666




(🎧Scroll down to listen to the audio)


നമ്മൾ എല്ലാവരും 666 എന്ന സംഖ്യ കേൾക്കുമ്പോൾ അത് പിശാചിന്റെ സംഖ്യയായി കരുതാറുണ്ട്. എവിടെയാണ് ബൈബിളിൽ 666 എന്ന സംഖ്യയെകുറിച്ച് പറഞ്ഞിരിക്കുന്നത്? 666 എന്ന സംഖ്യയുടെ പ്രത്യേകത എന്താണ് എന്നൊക്കെ നമുക്ക് പരിശോദിക്കാം.


വെളിപാട് പുസ്തകം വളരെയേറെ രഹസ്യങ്ങളും അടയാളങ്ങളും നിറഞ്ഞ ഒരു ഗ്രന്ഥമാണ്. വി. യോഹന്നാൻ ശ്ലീഹാ, ദൈവവചനത്തെയും യേശുവിനെക്കുറിച്ചു നല്‍കിയ സാക്‌ഷ്യത്തെയും പ്രതി, പാത്‌മോസ്‌ എന്ന ദ്വീപിലായിരുന്നപ്പോഴാണ്  (വെളിപാട്‌ 1 : 9)  നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ ഈ വെളിപാട് ഉണ്ടാകുന്നത്. വി. യോഹന്നാൻ ശ്ലീഹായ്ക്ക് ലഭിച്ച  വെളിപാടിന്റെയെല്ലാം സന്ദേശം ഇതാണ്: നമ്മുടെ കർത്താവായ യേശു ക്രിസ്തു ലോകത്തെ വിജയിച്ചിരിക്കുന്നു. ലോകാവസാനം വരെ യേശുവിനെ അനുഗമിക്കുന്നവരെ നശിപ്പിക്കാൻ  തിന്മ സംഹാരതാണ്ഡവമാടും. എന്നാൽ അവസാന വിജയം ക്രിസ്തുവിന്റേത് തന്നെയായിരിക്കും. അതുകൊണ്ട് ഈ ലോകത്തിലെ സഹനങ്ങളെല്ലാം ക്ഷണികമാണ്. എന്നാൽ നന്മ ചെയ്യുന്നവർ  ഈശോയോടൊപ്പം പുതിയ ലോകത്തിൽ നിത്യാനന്ദം അനുഭവിക്കും.


666 എന്ന സംഖ്യയെകുറിച്ച് ബൈബിളിൽ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്:  "ഇവിടെയാണ്‌ ജ്‌ഞാനം ആവശ്യമായിരിക്കുന്നത്‌. ബുദ്‌ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അത്‌ ഒരു മനുഷ്യന്റെ സംഖ്യയാണ്‌. ആ സംഖ്യ അറുന്നൂറ്റിയറുപത്തിയാറ്‌ "(വെളിപാട്‌ 13 : 18). 666 എന്ന സംഖ്യ തിന്മയുടെ പ്രതീകമാണ്. റോമാ സാമ്രാജ്യത്തിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള മതമർദനം ആരംഭിക്കുന്നത് നീറോ ചക്രവർത്തിയാണ്. നീറോ എന്ന പേര് ഹീബ്രു ഭാഷയിലും ഗ്രീക്ക് ഭാഷയിലും നെറോൺ എന്നാണ് അറിയപ്പെട്ടിരുന്നത്. നെറോൺ കൈസർ (NRWNQSR)  എന്ന പേരിന് ഹീബ്രു ഭാഷയിൽ കിട്ടുന്ന സംഖ്യാമൂല്യമാണ് 666 (N=50; R=200; W=6; N=50; Q=100; S=60; R=200.  ആകെ 666). അതുകൊണ്ട് തന്നെ നീറോ ചക്രവർത്തിയുടെ പേരാണ് ഇവിടെ ഉദ്ദേശിക്കുന്നത്. 


ബൈബിളിൽ 7 പൂർണ്ണതയുടെ സംഖ്യയാണ്. ഏഴിൽ നിന്ന് ഒന്ന് കുറഞ്ഞത് 6. അതായത് 6 അപൂർണ്ണതയുടെ സംഖ്യയായി ഗണിക്കപ്പെടുന്നു. 6ന്റെ മൂന്ന് തവണയുള്ള ആവർത്തനത്തെ

തിന്മയുടെ ത്രിത്വ സംഖ്യായി കണക്കാക്കുന്നു. അതായത് തിന്മയുടെ ത്രിത്വം അല്ലെങ്കിൽ എതിർ ത്രിത്വം. 


ദൈവത്തെപോലെ ആയി തീരുക എന്നതായിരുന്നല്ലോ  പിശാചിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ അവൻ ത്രിത്വമായി അവതരിക്കാൻ ശ്രമിക്കും. ത്രിത്വത്തിലെ മൂന്ന് ആളുകൾക്ക് വിപരീതമായി തിന്മയുടെ മൂന്ന് ശക്തികളായി അവതരിക്കും. അതായത്:

1) എതിർദൈവം (Anti-Godhead)

2)എതിർക്രിസ്തു (Anti-Christ)

3)എതിർ ആത്മാവ് (Anti-Spirit)


മൂന്ന് വ്യത്യസ്ത മൃഗങ്ങളുടെ രൂപത്തിലായിരിക്കും തിന്മ പ്രത്യക്ഷപ്പെടുക:

1) സർപ്പം

2) കടലിൽ നിന്ന് കയറി വരുന്ന മൃഗം

3) ഭൂമിക്കടിയിൽ നിന്ന് കയറി വരുന്ന മൃഗം (വെളിപാട് 12, 13 അധ്യായങ്ങൾ കാണുക)



ഇവ മൂന്നിന്റെയും വാസസ്ഥലം  വ്യത്യസ്തമാണ്. സർപ്പം സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് ഇറങ്ങിയെങ്കിൽ  ഒരു മൃഗം കടലിൽ  നിന്നും മറ്റൊന്ന് ഭൂമിക്കടിയിൽ നിന്നുമാണ് വരുന്നത്. കടൽ ബൈബിളിൽ തിന്മയുടെ സ്ഥലമാണ്. അതുപോലെ തന്നെ ഭൂമിക്കടി അഥവാ പാതാളം മൃത്യുവിന്റെയും തിന്മയുടെയും ഇടമാണ് . ഇവ മൂന്നും സംഗമിക്കുന്നത് ഭൂമിയിലും.  ദൈവത്തിന്റെ സൃഷ്ടിയുടെ മകുടമായ മനുഷ്യന്റെ വാസസ്ഥലമായ ഭൂമിയിൽ അവ സംഗമിക്കുന്നത് സ്വയം ത്രിത്വമായി അവതരിച്ച്  മനുഷ്യനെ വഴിതെറ്റിക്കാനാണ്.


Courtesy: Kiliyananickal, James; Yugantham; Sophia Books, Kozhikode; 2023.




Click this icon for more articles: 🏠 

Post a Comment

0 Comments