ആദ്യം തന്നെ പറയാം റീത്ത് എന്നാല്‍ കാതോലിക്ക സഭയിലെ ജാതി വ്യവസ്ഥയല്ല. ഇത് മനസിലാക്കണമെങ്കില്‍ എന്താണ് റീത്ത് എന്താണ് സ്വയാധികാര സഭകളെന്നും നാം മനസിലാക്കണം. കത്തോലിക്ക സഭയില്‍ 6 റീത്തുകളും 23 സ്വയാധികാര സഭകളും ഉണ്ട്. ഈ 23 സ്വയാധികാര സഭകളും ഏതെങ്കിലും ഒരു റീത്തിന്‍റെ കീഴില്‍ വരുന്നു. ഇന്ത്യയില്‍ 3 റീത്തുകളും 3 സ്വയാധികാര സഭകളും ഉണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം:
റോമന്‍ റീത്ത്:- ലത്തീന്‍ സഭ
അന്ത്യോക്യന്‍ റീത്ത്:- സീറോ-മലങ്കര സഭ
പൌരസ്ത്യ സുറിയാനി റീത്ത്:- സീറോ-മലബാര്‍ സഭ
എന്താണ് റീത്ത്?
കത്തോലിക്ക സഭയുടെ കീഴില്‍ വരുന്ന 6 വ്യത്യസ്തങ്ങളായ ആരാധനാക്രമ പാരമ്പര്യങ്ങളെ ആണ് റീത്ത് എന്ന് വിളിക്കുന്നത്. ഇവ വി. കുര്‍ബാനയും മറ്റ് കൂദാശകളും വ്യത്യസ്ഥമായ രീതിയിലാണ് പരികര്‍മ്മം ചെയ്യുന്നത്. കത്തോലിക്ക സഭയില്‍ പ്രധാനമായും രണ്ട് തരം സഭകള്‍ ഉണ്ട്. പാശ്ചാത്യവും പൌരസ്ത്യവും. ഓരോ റീത്തും രൂപപ്പെടുന്നത് അതതു സാമൂഹിക-പാരമ്പര്യങ്ങളെ അടിസ്ഥാനമാക്കിയാണ്. റീത്തുകള്‍ വ്യത്യസ്തമാണെങ്കിലും ഇവയൊക്കെ മാര്‍പ്പാപ്പെയാണ് തങ്ങളുടെ തലവനായി കാണാക്കാക്കുന്നത്.
കത്തോലിക്ക സഭയിലെ റീത്തുകള്‍
റോമന്‍ ആരാധനാക്രമ പാരമ്പര്യം
അലക്സാഡ്രിയന്‍ ആരാധനാക്രമ പാരമ്പര്യം
അന്ത്യോക്യന്‍ ആരാധനാക്രമ പാരമ്പര്യം
പൌരസ്ത്യ ആരാധനാക്രമ പാരമ്പര്യം
അര്‍മേനിയന്‍ ആരാധനാക്രമ പാരമ്പര്യം
ബൈസന്‍റൈന്‍ ആരാധനാക്രമ പാരമ്പര്യം
ഇവയെല്ലാം അടിസ്ഥാനമായി ഒരേ വിശ്വാസ സത്യങ്ങളും ദൈവശാസ്ത്രവും മുറുകെ പിടിക്കുന്നു.
സ്വയാധികാര സഭകള്‍
ഇന്ന് കത്തോലിക്ക സഭയില്‍ 23 സ്വയാധികാര സഭകള്‍ ഉണ്ട്. ഇവ ആറില്‍ ഏതങ്കിലും ഒരു ആരാധനാക്രമ പാരമ്പര്യം പിന്തുടരുന്നവരാണ്. ഒരേ ആരാധനാക്രമ പാരമ്പര്യം പിന്തുടരുന്ന സഭകള്‍ തമ്മിലും കുര്‍ബാനയും മറ്റ് കൂദാശകളും സാമ്യമുണ്ടാകാമെങ്കിലും ഒരുപോലെ ആകണമെന്നില്ല. ഉദാഹരണം: കല്‍ദായ സഭയും സീറോമലാബാര്‍ സഭയും പൌരസ്ത്യ സുറിയാനി പാരമ്പര്യമാണ് അനുസരിക്കുന്നതെങ്കിലും അവയുടെ കുര്‍ബാനയോ മറ്റ് കൂദാശകളും പരികര്‍മ്മം ചെയ്യപ്പെടുന്നത് ഒരു പോലെ അല്ല പക്ഷെ സാമ്യം ഉണ്ടാകും.
ഒരേ ആരാധനാക്രമ പാരമ്പര്യം അനുഷ്ഠിക്കുന്ന ഒത്തിരിയേറെ സഭകള്‍ ഉണ്ടെങ്കിലും അവയെല്ലാം കത്തോലിക്ക സഭയിലെ സ്വയാധികാര സഭകള്‍ അല്ല. ഉദാഹാരണം: യാക്കോബായ സഭ (യാക്കോബായ സഭയും സീറോ മലങ്കര സഭയും അന്ത്യോക്യന്‍ ആരാധനാക്രമ പാരമ്പര്യം ആണ് അനുഷ്ഠിക്കുന്നത്), ഓര്‍ത്തോഡോക്സ് സഭ, മാര്‍ത്തോമ്മ സഭ, മുതലായവ. അതായത് കത്തോലിക്ക സഭയുമായി കൂട്ടായ്മ് പുലര്‍ത്തുന്നതും പുലര്‍ത്താതുതുമായ സഭകള്‍ ഉണ്ട്. കത്തോലിക്ക സഭയുമായി കൂട്ടയ്മ് പുലര്‍ത്തുന്നവയെ മാത്രമേ കത്തോലിക്ക സഭയിലെ സ്വയാധികാര സഭകളായി പരിഗണിക്കൂ.
ഓരോ സ്വയാധികാര സഭകള്‍ക്കും അവരുടേതായ തലവന്‍മാര്‍ ഉണ്ട്. പൌരസ്ത്യ സഭകളുടെ തലവന്‍മാര്‍ പൊതുവേ അറിയപ്പെടുന്നത് പാര്‍ത്രിയാര്‍ക്കീസ് എന്നോ മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്നോ ആയിരിയ്ക്കും. കാത്തോലിക്ക സഭയിലെ ഏറ്റവും വലിയ സ്വയാധികാര സഭ ലത്തീന്‍ സഭയാണ്. ലത്തീന്‍ സഭയുടെ തലവന്‍ മാര്‍പ്പാപ്പ തന്നെയാണ്. ഇന്ത്യയിലെ രണ്ട് പൌരസ്ത്യ സഭകള്‍ സീറോ-മലങ്കര സഭയും സീറോ-മലബാര്‍ സഭയുമാണ്. ഇവരുടെ തലവന്‍മാര്‍ അറിയപ്പെടുന്നത് മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്നാണ്.
കത്തോലിക്ക സഭയില്‍ ഒരു സ്വയാധികാര സഭയും മറ്റൊരു സ്വയാധികാര സഭയുടെ മുകളില്ല. മറിച്ച് എല്ലാവരും തുല്യരാണ്. ലത്തീന്‍ സഭയുടെ തലവന്‍ മാര്‍പ്പാപ്പയായതുകൊണ്ട് ലത്തീന്‍ സഭ സീറോ മലബാര്‍ സഭയുടെ മുകളിലോ കേരളത്തിലെ ഏറ്റവും വലിയ സഭ സീറോ മലബാര്‍ സഭയായതുകൊണ്ട് സീറോ മലങ്കരസഭയുടെ മുകളിലുമല്ല. മറിച്ച് നാം എല്ലാവരും വ്യത്യസ്ഥമായ ആരാധന ക്രമ പാരമ്പര്യത്തിലൂടെ ക്രിസ്തുവിന്‍റെ മരണവും പുനരുദ്ധാനവും അവന്‍ വരുന്നത് വരെ പ്രഘോഷിക്കുന്നു. അതുകൊണ്ട് റീത്ത് എന്നാല്‍ കത്തോലിക്ക സഭയിലെ ജാതി വ്യവസ്ഥയല്ല.
ആരാധന ക്രമ പാരമ്പര്യം വെളിച്ചത്തില്‍ കത്തോലിക്ക സഭയിലെ 23 സ്വയാധികാര സഭകള്‍:
I) റോമന്‍ ആരാധനാക്രമ പാരമ്പര്യം
ലത്തീന്‍ സഭ
II) അലക്സാഡ്രിയന്‍ ആരാധനാക്രമ പാരമ്പര്യം
കോപ്റ്റിക്ക് സഭ
എത്യോപ്പിയന്‍ സഭ
III) അന്ത്യോക്യന്‍ ആരാധനാക്രമ പാരമ്പര്യം
സിറിയന്‍ സഭ
മറോനൈറ്റ് സഭ
IV) പൌരസ്ത്യ ആരാധനാക്രമ പാരമ്പര്യം
കല്‍ദായ സഭ
സീറോ മലബാര്‍ സഭ
V) അര്‍മേനിയന്‍ ആരാധനാക്രമ പാരമ്പര്യം
അര്‍മേനിയന്‍ സഭ
VI) ബൈസന്‍റൈന്‍ ആരാധനാക്രമ പാരമ്പര്യം
ഗ്രീക്ക്-മെല്‍കൈറ്റ് സഭ
യുക്രേനിയന്‍ സഭ
റുമേനിയന്‍ സഭ
റുത്തേനിയന്‍ സഭ
സ്ലോവാക്ക് സഭ
ഹങ്കേറിയന്‍ സഭ
ഇറ്റാലോ-അല്‍മേനിയന്‍ സഭ
ക്രിസേവ്സി സഭ
ബള്‍ഗേറിയന്‍ സഭ
ഗ്രീക്ക് സഭ
റഷ്യന്‍ സഭ
ബെലോ-റഷ്യന്‍ സഭ
അല്‍ബേനിയന്‍ സഭ
മാസെഡോണിയന്‍ സഭ
ഇവയെല്ലാം ചേര്‍ന്നതാണ് കത്തോലിക്ക സഭ.
Please leave your comments and doubts below

0 Comments
If you have any doubts feel free to comment