മാലാഖമാരെ ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. മാലാഖമാർ എന്നും നന്മയുടെ പ്രതീകമായാണ് നാം കാണുക. നമ്മെ രക്ഷിക്കാൻ, കൂടെ നടക്കാൻ ഒരു മാലാഖ കൂടെ ഉണ്ടെങ്കിൽ എന്ന് എപ്പോഴെങ്കിലും ചിന്തിക്കാത്തവരായി ആരും തന്നെ കാണില്ല. ഒരുപക്ഷെ നമ്മുടെ കൂടെ ഉണ്ട് എന്ന് വിശ്വസിക്കുന്നവരാണ് നാം. ചെറിയ കുട്ടികളെ മാലാഖമാരുടെ കഥകൾ നാം പറഞ്ഞു കൊടുത്തിട്ടുണ്ടാകാം.
ക്രൈസ്തവ വിശ്വാസത്തിലും മാലാഖമാർക്ക് ഒരു പ്രത്യേക സ്ഥാനം നാം കൊടുക്കുന്നുണ്ട്. മാലാഖമാർ സ്വർഗീയ ദൂതന്മാർ ആണ്. അവർ അരൂപികൾ ആണ്. ഇവർ ദൈവത്തിൻ്റെ സന്ദേശം മനുഷ്യർക്ക് നൽകുന്നു. പഴയ നിയമത്തിലും പുതിയ നിയമത്തിലും മാലാഖമാരെ പലയിടങ്ങളലായി നാം കാണുന്നുണ്ട്. ഈ മാലാഖമാരെ പല ഗണങ്ങളായി തിരിച്ചിട്ടുണ്ട്. ഉദാ: പ്രധാന മാലാഖമാർ, ക്രോവേന്മാർ, സ്രാപ്പെന്മാർ, കാവൽ മാലാഖമാർ എന്നിങ്ങനെ... നാം ഇവിടെ മനസ്സിലാക്കാൻ പോകുന്നത് പ്രധാന മാലാഖമാരെ പറ്റിയാണ്.
ആരൊക്കെയാണ് പ്രധാന മാലാഖമാർ
1) മിഖായേൽ
2) ഗബ്രിയേൽ
3) റഫായേൽ
മാലാഖമാരുടെ പേരിൻ്റെ അർത്ഥം
1) മിഖായേൽ = ദൈവത്തെപ്പോലെ ആരുണ്ട്
2) ഗബ്രിയേൽ = ദൈവത്തിൻ്റെ ശക്തി
3) റഫായേൽ = ദൈവം സുഖപ്പെടുത്തി
മാലാമാരുടെ പ്രത്യേക ജോലികൾ
1) മിഖായേൽ: സംരക്ഷകൻ
2) ഗബ്രിയേൽ: ദൈവദൂതൻ
3) റഫായേൽ: സുഖപ്പെടുത്തുകയും നയിക്കുകയും ചെയ്യുക
പ്രധാന മാലാഖമാർ ബൈബിളിൽ
1) മിഖായേൽ : "അനന്തരം, സ്വര്‍ഗത്തില്‍ ഒരു യുദ്‌ധമുണ്ടായി. മിഖായേലും അവന്റെ ദൂതന്‍മാരും സര്‍പ്പത്തോടു പോരാടി. സര്‍പ്പവും അവന്റെ ദൂതന്‍മാരും എതിര്‍ത്തു യുദ്ധം ചെയ്തു" (വെളിപാട് 12:7). "പ്രധാനദൂതനായ മിഖായേല്‍ മോശയുടെ ശരീരത്തെച്ചൊല്ലി, പിശാചിനോടു തര്‍ക്കിച്ചപ്പോള്‍ അവനെ കുറ്റപ്പെടുത്തി ഒരു നിന്‌ദാവചനംപോലും ഉച്ചരിക്കാന്‍ തുനിഞ്ഞില്ല; പിന്നെയോ, കര്‍ത്താവ് നിന്നെ ശാസിക്കട്ടെ എന്നുമാത്രം പറഞ്ഞു" (യുദാസ് 1:9). "പേര്‍ഷ്യാരാജ്യത്തിന്റെ കാവല്‍ദൂതന്‍ ഇരുപത്തൊന്നു ദിവസം എന്നോട് എതിര്‍ത്തുനിന്നു; എങ്കിലും പ്രധാന ദൂതന്‍മാരില്‍ ഒരാളായ മിഖായേല്‍ എന്റെ സഹായത്തിനെത്തി" (ദാനിയേൽ 10:13).
മിഖായേൽ മാലാഖയെ പറ്റി ബൈബിളിൽ പറഞ്ഞിരിക്കുന്നവയാണ് ഇവ. മിഖയേൽ മാലാഖയുടെ മാധ്യസ്ഥം നാം തേടുന്നത് പൈശാചിക ശക്തികളിൽ നിന്ന് മുക്തി നേടുവാനാണ്.
2) ഗബ്രിയേൽ : ഗബ്രിയേലിൻ്റെ പേര് ബൈബിളിൽ നാല് പ്രാവശ്യം പരാമർശച്ചിട്ടുണ്ട്. പഴയ നിയമത്തിൽ രണ്ട് പ്രാവശ്യവും പുതിയ നിയമത്തിൽ രണ്ട് പ്രാവശ്യവും. പഴയ നിയമത്തിൽ ഡാനിയേലിൻ്റെ പുസ്തകം എട്ടും ഒമ്പതും അധ്യായങ്ങളിലും പുതിയ നിയമത്തിൽ ഈശോയുടെയും സ്നാപക യോഹന്നാൻ്റെയും ജനനം അറിയിച്ചത് ഗബ്രിയേൽ ദൂതനാണ്. അതുപോലെ പാരമ്പര്യം പറയുന്നത് യൗസേപ്പിതാവിൻ്റെ സംശയം ദുരീകരിച്ചതും ഈശോയെ ഗത്സമെൻ തോട്ടത്തിൽ ആസ്വസിപ്പിച്ചതും ഗബ്രിയേൽ ദൂതനാണ് എന്നാണ്. യഹൂദ പാരമ്പ്യമനുസരിച്ച് ഗബ്രിയേൽ ദൂതൻ വിധിയുടെ മാലാഖയാണ്.
3) റഫായേൽ : റഫായേൽ മാലാഖ സുഖപ്പെടുത്തുന്ന മാലാഖയാണ്. തോബിയാസിന് കൂട്ട് പോയത് ഈ മാലാഖയാണ്. റഫായേൽ മാലാഖ തന്നെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: "ഞാന്‍ റഫായേലാണ്; വിശുദ്‌ധരുടെ പ്രാര്‍ഥനകള്‍ സമര്‍പ്പിക്കുകയും പരിശുദ്‌ധനായവന്റെ മഹത്വത്തിന്റെ സന്നിധിയില്‍ പ്രവേശിക്കുകയും ചെയ്യുന്ന ഏഴു വിശുദ്‌ധ ദൂതന്‍മാരില്‍ ഒരുവന്‍" (തോബിത് 12:15). ക്രൈസ്തവ പാരമ്പ്യമനുസരിച്ച് ഈ മാലാഖയാണ് ബെത്സൈത കുളം ഇളക്കിയിരുന്നത് (യോഹ 5).

0 Comments
If you have any doubts feel free to comment