എന്തുകൊണ്ട് യൂദാസ് തൂങ്ങി മരിച്ചു: പാപബോധവും കുറ്റബോധവും







ഈശോയുടെ പീഢാനുഭവവേളയിൽ കരളലിയിപ്പിക്കുന്ന രണ്ട് ശിഷ്യന്മാരുടെ കരച്ചിലുകൾ ഉണ്ട്. ഒന്ന് അവനെ എനിക്ക് അറിഞ്ഞുകൂടാ എന്ന് പറഞ്ഞുകൊണ്ട് ഈശോയെ മൂന്ന് പ്രാവശ്യം തള്ളി പറഞ്ഞ പത്രോസിന്റെയും രണ്ട് ഈശോയെ ഒറ്റ് കൊടുത്ത യൂദാസ് സ്കറിയാത്തയുടെയും കരച്ചിലുകൾ.


പത്രോസും യൂദാസും ഈശോയാൽ പേര് ചൊല്ലി വിളിക്കപ്പെട്ടവരായിരുന്നു. അവർ ഈശോയുടെ കൂടെ മൂന്ന് വർഷക്കാലം ചിലവഴിക്കുകയും ഗുരുവിനെ അടുത്ത് അറിഞ്ഞവരുമായിരുന്നു. എങ്കിലും എല്ലാ മനുഷ്യരെപോലെ തന്നെ ബലഹീനരും ആയിരുന്നു അവർ. അവർ വീണതും അവരുടെ ബലഹീനതയിൽ തന്നെയായിരുന്നു. അവ എന്തായിരുന്നു എന്ന് ആദ്യം മനസിലാക്കാം.


മത്തായിയുടെ സുവിശേഷം 16:21 മുതൽ ഈശോ തന്റെ പീഢാനുഭവത്തെകുറിച്ചുള്ള പ്രവചനങ്ങൾ ആരംഭിച്ചു തുടങ്ങി. “തനിക്കു ജറുസലെമിലേക്കു പോകേണ്ടിയിരിക്കുന്നുവെന്നും ശ്രേഷ്‌ഠന്‍മാരില്‍നിന്നും പ്രധാനപുരോഹിതന്‍മാരില്‍നിന്നും നിയമജ്‌ഞരില്‍നിന്നും വളരെയേറെ സഹിക്കേണ്ടിവരുമെന്നും താന്‍ വധിക്കപ്പെടുമെന്നും എന്നാല്‍ മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുമെന്നും ശിഷ്യന്‍മാരെ അറിയിച്ചുതുടങ്ങി. പത്രോസ്‌ അവനെ മാറ്റിനിറുത്തി തടസ്‌സം പറയാന്‍ തുടങ്ങി: ദൈവം കനിയട്ടെ! കര്‍ത്താവേ, ഇതൊരിക്കലും നിനക്കു സംഭവിക്കാതിരിക്കട്ടെ.  യേശു തിരിഞ്ഞ്‌ പത്രോസിനോടു പറഞ്ഞു: സാത്താനേ, എന്റെ മുമ്പില്‍ നിന്നുപോകൂ, നീ എനിക്കു പ്രതിബന്‌ധമാണ്‌. നിന്റെ ചിന്തദൈവികമല്ല, മാനുഷികമാണ്‌” (മത്തായി 16:21-23).


ഇതു പോലെ തന്നെ യൂദാസിനെകുറിച്ച് പറയുന്നത് യോഹന്നാൻ ശ്ലീഹായാണ്. പെസഹായ്ക്ക് ആറ് ദിവസം മുമ്പ് ഈശോ താൻ ഉയർപ്പിച്ച ലാസറിന്റെ ഭവനത്തിൽ വരുകയും അവിടെ വെച്ച് മർത്താ ഈശോയെ പരിചരിക്കുകയും മറിയം വിലയേറിയതും ശുദ്‌ധവുമായ ഒരു കുപ്പി നാര്‍ദിന്‍ സുഗന്‌ധതൈലമെടുത്ത്‌ യേശുവിന്റെ പാദങ്ങളില്‍ പൂശുകയും തന്റെ തലമുടികൊണ്ട്‌ അവന്റെ പാദങ്ങള്‍ തുടയ്‌ക്കുകയും ചെയ്‌തു (cf. യോഹന്നാന്‍ 12:1-4). എന്നാൽ ഇത് കണ്ട യൂദാസ് സ്കറിയാത്താ പറഞ്ഞത് ഇങ്ങനെയാണ്: “എന്തുകൊണ്ട്‌ ഈ തൈലം മുന്നൂറു ദനാറയ്‌ക്കു വിറ്റു ദരിദ്രര്‍ക്കു കൊടുത്തില്ല? അവന്‍ ഇതു പറഞ്ഞത്‌ അവനു ദരിദ്രരോടു പരിഗണനയുണ്ടായിരുന്നതുകൊണ്ടല്ല, പ്രത്യുത, അവന്‍ ഒരു കള്ളനായിരുന്നതുകൊണ്ടും പണസഞ്ചി അവന്റെ കൈയിലായിരുന്നതുകൊണ്ടും അതില്‍ വീഴുന്നതില്‍നിന്ന്‌ അവന്‍ എടുത്തിരുന്നതുകൊണ്ടുമാണ്‌” (യോഹന്നാന്‍ 12:5-6).


പത്രോസ് വീണത് തന്റെ ബലഹീനതയായ ഭയത്തിലാണെങ്കിൽ യൂദാസ് വീണത് ദ്രവ്യാഗ്രഹം എന്ന ബലഹീനതയിൽ ആണ്. അവർക്ക് തെറ്റ് പറ്റി എന്ന് തിരിച്ചറിഞ്ഞ നിമിഷം തന്നെ ആ തെറ്റിനെയോർത്ത് വിലപിച്ചു എന്നാണ് സുവിശേഷം പറയുന്നത് (മത്തായി 26:75; 27:4 എന്നിവ കാണുക). പിന്നീട് ഇവർ രണ്ട് പേരുടെയും ജീവിതം രണ്ട് വഴിക്ക് തിരിയുന്നതായാണ് സുവിശേഷത്തിൽ കാണുന്നത്. എന്തുകൊണ്ട് ആവാം ഇത്?


പത്രോസ് ശ്ലീഹായെ നയിച്ചത് പപബോധവും യൂദാസ് സ്കറിയാത്തയെ നയിച്ചത് കുറ്റബോധവും ആയിരുന്നു. പാപബോധം പരിശുദ്ധാത്മാവിൽ നിന്ന് വരുമ്പോൾ കുറ്റബോധം പിശാചിൽ നിന്ന് വരുന്നു. കുറ്റബോധം നമ്മെ വേട്ടയാടുമ്പോൾ പാപബോധം നമ്മെ സ്നേഹിക്കാൻ പഠിപ്പിക്കുന്നു.


യൂദാസ് തന്റെ തെറ്റിനെയോർത്ത് കരയുകയും ഒടുവിൽ കുറ്റബോധത്തിൽ നിന്ന് രക്ഷപ്പെടാൻ മരണത്തിൽ ആശ്രയിക്കുകയും ചെയ്യുന്നു. എന്നാൽ പത്രോസ് തന്റെ തെറ്റ് തിരിച്ചറിഞ്ഞപ്പോൾ താൻ തള്ളി പറഞ്ഞ ഗുരുവിനെ കൂടുതൽ സ്നേഹിക്കാൻ ആരംഭിക്കുന്നു. അങ്ങനെ പത്രോസ് സഭയുടെ പ്രഥമ മാർപ്പാപ്പയായി.


നമ്മുടെ ജീവിതത്തിലും പലപ്പോഴും കുറ്റബോധത്തിന് അടിമപ്പെട്ട് പോകാറില്ലേ…? പക്ഷെ അവ എപ്പോഴെങ്കിലും നമ്മെ വളർത്തിയിട്ടുണ്ടോ…? ഇല്ല. പിശാച് അങ്ങനെയാണ്. അവൻ നമ്മുടെ പിറകെ നടന്ന് നമ്മോട് പറയും നീ അങ്ങനെയാണ്, നീ കാരണമാണ്, നിനക്കറിയാമായിരുന്നില്ലേ, നീ അങ്ങനെ പറയരുതായിരുന്നു; ചെയ്യരുതായിരുന്നു എന്നൊക്കെ… ഇത് നിന്നോടുള്ള സ്നേഹംകൊണ്ടാണ് എന്ന് നീ കരുതരുത്. നിന്റെ പാപം ഉപയോഗിച്ച് തന്നെ നിന്നെ നശിപ്പിക്കാനുള്ള അവന്റെ തന്ത്രമാണ്. കുറ്റബോധത്താൽ നയിക്കപ്പെടുന്നവർ സ്വയം നശിപ്പിക്കാനുള്ള വഴി തിരഞ്ഞെടുക്കാറാണ് പതിവ്. ഒന്നുകിൽ അവർ മരണത്തിൽ ആശ്രയിക്കും അല്ലെങ്കിൽ നിരാശയ്ക്കും വിഷാദത്തിനും അടിമപ്പെട്ട് ജീവിക്കും പിന്നെയും കുറച്ച് പേർ ലഹരിക്ക് അടിമപ്പെട്ടും ജീവിക്കും. ചുരുക്കത്തിൽ പറഞ്ഞാൽ കുറ്റബോധം നമ്മെ നാശത്തിലേക്ക് നയിക്കുകയും നിത്യജീവൻ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. 


എന്നാൽ പാപബോധം പരിശുദ്ധാത്മാവിൽ നിന്ന് വരുന്നു. പരിശുദ്ധാത്മാവിൽ നിന്ന് വരുന്നവ പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ കൊണ്ട് വരുന്നു. അവ “സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത, സൗമ്യത, ആത്‌മസംയമനം” എന്നിവയാണ് (ഗലാത്തിയാ 5:22-23). ഇവ നമ്മെ വിശുദ്ധിയിലേക്ക് നയിക്കുന്നു; പുതിയ ഒരു മനുഷ്യനാക്കി മാറ്റുന്നു. 


നിന്റെ പാപങ്ങളെയോർത്ത് നീറി നീറി ജീവിക്കുന്നവനാണോ നീ? എങ്കിൽ മനസിലാക്കികൊള്ളുക അവ നിന്നെ ഒരു നന്മയിലേക്കും നയിക്കില്ല. കർത്താവിന്റെ വാഗ്ദാനം ഇതാണ്: “നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്‍മയുള്ളതായിത്തീരും. അവ രക്‌ത വര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും” (ഏശയ്യാ 1:18). നമ്മുടെ പാപങ്ങൾ എത്ര വലുതോ ചെറുതോ ആയികൊള്ളട്ടെ കർത്താവിന് നമ്മെ വഴി നടത്താൻ സാധിക്കും. പിന്നെ എന്തിനാണ് നാം ഭയപ്പെടുന്നത്? വരൂ, അവന്റെ കൃപയ്ക്ക് കീഴിൽ നമുക്ക് അഭയം പ്രാപിക്കാം.


Post a Comment

0 Comments