ചിലരെയെങ്കിലും അതിശയിപ്പിക്കുന്ന ഒരു ചോദ്യമായിരിക്കാം ഇത്. പ്രത്യേകിച്ച് പുരോഹിതര്‍ക്ക് വിവാഹം ചെയ്യാന്‍ അനുവദിക്കണം അല്ലെങ്കില്‍ വിവാഹിതരെ പൗരോഹിത്യ ശുശ്രൂഷയിലേക്ക് തിരഞ്ഞെടുക്കണം എന്ന് ആവശ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍. നമ്മുടെ നാട്ടിൽ വിവാഹിതരും അവിവാഹിതരുമായ പുരോഹിതർ ഉണ്ട്. എന്നാൽ വിവാഹിതരായ ഒരു കത്തോലിക്കാ പുരോഹിതനെയും നാം കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ നമ്മുടെ പൊതുവായ ഒരു ധാരണയാണ് കത്തോലിക്കാ പുരോഹിതർ വിവാഹം കഴിക്കില്ല എന്ന്. എന്നാൽ സത്യം അതല്ല. കത്തോലിക്കാ സഭയിലും വിവാഹിതരായ പുരോഹിതർ ഉണ്ട്.
ആദ്യമേ തന്നെ ഒരു കാര്യം വ്യക്തമാക്കട്ടെ, കത്തോലിക്ക സഭയില്‍ ഒരു പുരോഹിതന് വിവാഹിതനാകാന്‍ അനുവാദമില്ല എന്നാല്‍ ഒരു വിവാഹിതന് പുരോഹിതന്‍ ആകാന്‍ സാധിക്കും. അതുപോലെ തന്നെ കത്തോലിക്ക സഭയില്‍ പൗരോഹിത്യ ബ്രഹ്മചര്യം ഒരു ചട്ടമായി കൈകൊണ്ടിട്ടുള്ള സ്വയാധികാര സഭകളില്‍ പോലും വിവാഹിതരായ വ്യക്തികള്‍ പുരോഹിതരായിട്ടുണ്ട്. പക്ഷെ അവര്‍ തങ്ങളുടെ വൈവാഹിക ഉത്തരവാദിത്തങ്ങള്‍ പൂര്‍ണമായി നിറവേറ്റിയിട്ടുണ്ടാകണം. പിന്നീട് കുടുംബജീവിത രീതി വിട്ട് പൂര്‍ണ്ണമായും ബ്രഹ്മചര്യം അനുഷ്ഠിച്ച് പൗരോഹിത്യ ജീവിതചര്യയില്‍ വേണം ജീവിക്കാന്‍.
ഇതിനു മുമ്പ് ഞാൻ ‘റീത്ത് എന്നാൽ കത്തോലിക്കാ സഭയിലെ ജാതി വ്യവസ്ഥയോ?’ എന്ന മറ്റൊരു ലേഖനം എഴുതിയിരുന്നു. ഈ ലേഖനം മനസിലാക്കാൻ ആദ്യം ആ ലേഖനം കൂടി വായിക്കുക.
ഇന്ത്യയിൽ കത്തോലിക്കാ സഭയ്ക്ക് മൂന്ന് സ്വയാധികാര സഭകളാണ് ഉള്ളത്:
• ലത്തീൻ സഭ
• സീറോ-മലബാർ സഭ
• സീറോ-മലങ്കര സഭ
ഈ സഭകളിലെ പുരോഹിതർ വിവാഹം കഴിക്കാറില്ല. എന്നാൽ കത്തോലിക്കാ സഭയിലെ മറ്റ് ചില സ്വയാധികാര സഭകളിൽ വിവാഹം അനുവദനീയമാണ്. എന്നാൽ ഇങ്ങനെ വിവാഹിതരായ വൈദീകർക്ക് മെത്രാൻ ആകുവാൻ സാധിക്കില്ല. അതുപോലെ തന്നെ ഒരു വ്യക്തിക്ക് വിവാഹിതനായ പുരോഹിതനാകാണമെങ്കിൽ അയാൾ പുരോഹിതൻ ആകുന്നതിനു മുമ്പ് തന്നെ വിവാഹം കഴിച്ചിരിക്കണം. അതുപോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ മരിച്ചാൽ പുനർവിവാഹം ചെയ്യാനും അനുവാദം ഇല്ല.
എല്ലാ പാശ്ചാത്യ പൗരസ്ത്യ സഭകളിലും രണ്ട് തരം വൈദീകര്‍ ഉണ്ട്:
1) ഇടവക പട്ടക്കാര്‍
2) സന്യാസ വൈദീകര്‍
വിവാഹം അനുവദിച്ച സഭകളില്‍ ഇടവക പട്ടക്കാര്‍ മാത്രമാണ് വിവാഹം അനുവദിച്ചിരിക്കുന്നത്. സന്യാസ വൈദീകര്‍ ബ്രഹ്മചര്യം അനുഷ്ഠിക്കാന്‍ ബാധ്യസ്ഥരാണ്.
അതുകൊണ്ട് തന്നെ പൗരോഹിത്യ ബ്രഹ്മചര്യം ഒരു വിശ്വാസ സത്യമല്ല മറിച്ച് അത് ഒരു ചട്ടം (discipline) മാത്രമാണ്. ഈ ചട്ടം എപ്പോൾ വേണമെങ്കിലും പരിശുദ്ധ സിംഹാസനത്തിന് നീക്കം ചെയ്യാൻ സാധിക്കും.
പൗരോഹിത്യ ബ്രഹ്മചര്യത്തിന്‍റെ പ്രസക്തി
കത്തോലിക്കാ സഭയിൽ പൗരോഹിത്യ ബ്രഹ്മചര്യം ആരംഭിച്ചത് ഭൗതിക കാരണങ്ങളാണെങ്കിൽ പോലും അതിന് ആത്മീയമായി വളരെയധികം നേട്ടങ്ങൾ ഉണ്ടായി. ബ്രഹ്മചര്യം വചനാധിഷ്ഠിതവും കൂടെയാണ്.
“നിങ്ങള്‍ക്ക് ഉത്‌കണ്‌ഠയുണ്ടാകരുതെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അവിവാഹിതന്‍ കര്‍ത്താവിനെ എങ്ങനെ സംപ്രീതനാക്കാമെന്നു ചിന്തിച്ച് കര്‍ത്താവിന്‍റെ കാര്യങ്ങളില്‍ തത്‌പരനാകുന്നു. വിവാഹിതന്‍ സ്വഭാര്യയെ എങ്ങനെ പ്രീതിപ്പെടുത്താമെന്നു ചിന്തിച്ച് ലൗകികകാര്യങ്ങളില്‍ തത്‌പരനാകുന്നു. അവന്‍റെ താത്‌പര്യങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. അവിവാഹിതയായ സ്‌ത്രീയും കന്യകയും ആത്‌മാവിലും ശരീരത്തിലും വിശുദ്‌ധി പാലിക്കാനായി കര്‍ത്താവിന്‍റെ കാര്യങ്ങളില്‍ തത്‌പരരാണ്. വിവാഹിതയായ സ്‌ത്രീയാകട്ടെ, ഭര്‍ത്താവിനെ എങ്ങനെ സന്തോഷിപ്പിക്കാമെന്നു ചിന്തിച്ച് ലൗകികകാര്യങ്ങളില്‍ തത്‌പരയാകുന്നു. ഞാന്‍ ഇതു പറയുന്നത് നിങ്ങളുടെ നന്‍മയ്‌ക്കുവേണ്ടിയാണ്; നിങ്ങളുടെ സ്വാതന്ത്യ്രത്തെ തടയാനല്ല; പ്രത്യുത, നിങ്ങള്‍ക്ക് ഉചിതമായ ജീവിതക്രമവും കര്‍ത്താവിനെ ഏകാഗ്രമായി ശുശ്രൂഷിക്കാന്‍ അവസരവും ഉണ്ടാകാന്‍ വേണ്ടിയാണ്.” (1 കോറിന്തോസ് 7 : 32-35).
അതുപോലെ തന്നെ കത്തോലിക്കാ സഭയുടെ വളർച്ചയ്ക്ക് കാരണമായതും അവിവാഹിതരായ പുരോഹിതർ ഉണ്ടായതുകൊണ്ടാണ്. അവിവാഹിതരായ പുരോഹിതർക്ക് സഭയുടെ വളർച്ചയ്ക്കും വചന പ്രഘോഷണത്തിനും ഒത്തിരി ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സാധിച്ചു. അതുകൊണ്ടാണ് സഭ ഇന്ന് ലോകംമുഴുവൻ വ്യാപിക്കാൻ സാധിച്ചത്. വിവാഹിതരായ പുരോഹിതർ ഉള്ള സഭകൾ കത്തോലിക്കാ സഭ പോലെ പ്രചാരത്തിലാകാത്തത്തിന്‍റെ പ്രധാന കാരണവും ഇത് തന്നെ.
ഇന്ന് പൗരോഹിത്യ ബ്രഹ്മചര്യത്തന്‍റെ പ്രസക്തി വളരെയധികം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കത്തോലിക്കാ സഭയിലും പൗരോഹിത്യ ബ്രഹ്മചര്യം നിര്‍ബന്ധമല്ലെങ്കിലും അത് സഭയുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. പൗരോഹിത്യ ബ്രഹ്മചര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഒരു വ്യക്തി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് സഭയെ തന്നെയാണ് എന്ന് നമുക്ക് ഓര്‍ക്കാം.
അതുപോലെ ഒന്ന് ഓർക്കുക, എല്ലാ പുരോഹിതനും ഒരു പച്ചയായ മനുഷ്യനാണ്. എല്ലാ വികാര-വിചാരങ്ങളോടും കൂടിയ മനുഷ്യർ. ബ്രഹ്മചര്യം എന്നാൽ അമാനുഷികമായ ഒന്നല്ല. പക്ഷെ അത് സാധ്യമാകുന്നത് ദൈവകൃപയാലാണ്. അതുകൊണ്ട് നമ്മുടെ പുരോഹിതരുടെ വിശുദ്ധക്കായി പ്രാർത്ഥിക്കുക എന്നത് ഓരോ വ്യക്തിയുടെയും കടമയാണ്. അതുപോലെ തന്നെ ഒരു പുരോഹിതൻ തന്‍റെ വിളിയിൽ നിന്ന് അകന്ന് പോയാൽ നമുക്ക് നഷ്ടധൈര്യരാകാതിരിക്കാം.
0 Comments
If you have any doubts feel free to comment