ഏതൊരു മതത്തിന്റെയും ജീവിതരീതി പഠിച്ച് കഴിഞ്ഞാൽ കാണുക ഒരുവൻ ചെയ്യേണ്ടതും ചെയ്യരുതാത്തതിനെയും കുറിച്ച് പറയുന്ന നിയമസംഹിതകളാണ്. ഹൈന്ദവ മതത്തിൽ മനുസ്മൃതിയും ഇസ്ലാം മതത്തിൽ ഹദീസുകളും യഹൂദമതത്തിൽ തോറയും ആസ്പദമാക്കിയുള്ള നിയമങ്ങൾ ഉണ്ട്. ഏതൊരു വിശ്വാസിയും തങ്ങളുടെ മതം അനുശാസിക്കുന്ന നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥനാണ്. ഈ നിയമങ്ങൾ പാലിക്കുന്നവർ ദൈവത്തെ പ്രീതിപ്പെടുത്തുന്നവർ ആണ്.
ഈശോ ജനിച്ചത് ഒരു യഹൂദവിശ്വാസിയായിട്ടാണ്. അതുകൊണ്ട് തന്നെ അവനും യഹൂദമതത്തിന്റെ നിയമാനുഷ്ഠാനങ്ങൾ അനുസരിച്ചാണ് ജീവിച്ചത്. എന്നാൽ അവൻ ഇവ അനുസരിച്ചത് അല്പദൂരം മുന്നോട്ട് നടന്നുകൊണ്ടാണ്. അതുകൊണ്ട് തന്നെ വളരെയേറെ എതിർപ്പുകളും അവന് നേരിടേണ്ടി വന്നു.
ഒരു യഹൂദവിശ്വാസി എന്ന നിലയിൽ അവൻ സാബത്ത് ആചരിക്കുകയും പെസഹാകാലത്തും കൂടാരതിരുന്നാളിനും ജറുസലേം ദേവാലയം സന്ദർശിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും ഈശോ ഭൂമിയിൽ വന്നതിന്റെ ഉദ്ദേശം വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്: “നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണ് ഞാൻ വന്നതെന്ന് നിങ്ങൾ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂർത്തിയാക്കാനാണ് ഞാൻ വന്നത്” (മത്തായി 5:17). നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനല്ല പൂർത്തീകരിക്കാനാണ് എന്ന് ഈശോ പറയുമ്പോൾ നിയമത്തിലും പ്രവാചകന്മാരിലും എന്തോ ഒരു കുറവുണ്ട്. ആ കുറവാണ് സ്നേഹം.
ഈശോ ഈ ഭൂമിയിലേക്ക് വന്നത് നിയമത്തെയും പ്രവാചകന്മാരെയും സ്നേഹം കൊണ്ട് പൂർത്തീകരിക്കാനാണ്. ഫരിസേയർക്ക് സാബത്ത് ഒരു നിയമാനുഷ്ഠാനം മാത്രമാണെങ്കിൽ ഈശോയ്ക്ക് അത് നന്മ ചെയ്യാനുള്ള അവസരമാണ്. അതുകൊണ്ടാണ് സാബത്തിൽ കൈ ശോഷിച്ചവനെ സുഖപ്പെടുത്തികൊണ്ട് ഈശോ ഇങ്ങനെ പ്രഖ്യാപിച്ചത്: “സാബത്തിൽ നന്മ ചെയ്യുക അനുവദനീയമാണ്” (മത്തായി 12:12). വീണ്ടും “ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത്” (മത്തായി 12:7) എന്നും ഈശോ അസനിഗ്ദമായി പറയുന്നു.
ഈശോയുടെ ഓരോ പ്രബൊധനത്തിലും സ്നേഹത്തിന്റെ പരിമളം നമുക്ക് അനുഭവിക്കാൻ സാധിക്കും. “നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങൾ സ്നേഹിച്ചാൽ എന്ത് പ്രതിഫലമാണ് നിങ്ങൾക്ക് ലഭിക്കുക?” (മത്താ 5:46)എന്ന ഹൃദയസ്പർശിയായ ചോദ്യം ചോദിക്കുന്നതും ഈശോ തന്നെയാണ്. അവൻ നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നത് ശത്രു സ്നേഹവും പീഢിപ്പിക്കുന്നവർക്ക് വേണ്ടിയുള്ള പ്രാർത്ഥനയുമാണ്. അങ്ങനെ തിന്മയെ തോൽപ്പിക്കാൻ സ്നേഹമെന്ന ആയുധമെടുക്കാൻ അവൻ ഏവരെയും പഠിപ്പിക്കുന്നു.
വി. പൗലോസ് ശ്ലീഹായും നമ്മെ പഠിപ്പിക്കുന്നത് ഇനിമേൽ നിങ്ങൾ നിയമത്തിന് കീഴിലല്ല എന്നാണ് (റോമ 8:12). “സഹോദരരെ സ്വാതന്ത്ര്യത്തിലേക്കാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്; ഭൗതീക സുഖത്തിനുള്ള സ്വാതന്ത്ര്യമായി അതിനെ ഗണിക്കരുതെന്ന് മാത്രം. പ്രത്യുത സ്നേഹത്തോടുകൂടെ ദാസരെപോലെ പരസ്പരം സ്നേഹിക്കുവിൻ” (ഗലാ 5:13)
ക്രിസ്തുവിന്റെ ദർശനം ഒന്ന് മാത്രമാണ്; സ്നേഹം. അവനെ അനുഗമിക്കാനും ജീവിതം നവീകരിക്കാനും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും സ്നേഹിക്കാൻ ആരംഭിക്കുക. അവൻ സ്നേഹിച്ചതുപോലെ; അവൻ പഠിപ്പിച്ചത് പോലെ... നമുക്കെല്ലാവർക്കും സ്നേഹിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യത്തിൽ ജീവിക്കുക. ഇനി എങ്ങനെയാണ് സ്നേഹിക്കുന്നത് എന്ന് ചോദിച്ചാൽ തിന്മയെ ഉപേക്ഷിക്കുക, പാപത്തെ വെറുക്കുക, നന്മയെ പുണരുക; അത്രമാത്രം.
Please leave your comments below

0 Comments
If you have any doubts feel free to comment