(🎧Scroll down to listen to the audio)
പിശാചിന്റെ സ്വഭാവം: ബൈബിൾ അധിഷ്ഠിത പഠനം
ദൈവം മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചു. സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചു. ദൈവത്തിന്റെ സൃഷ്ടികളിൽ ഏറ്റവും ഉന്നതമായ സ്ഥാനവും മനുഷ്യനുതന്നെയായിരുന്നു. എന്നാൽ ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച് ഏദൻ തോട്ടത്തിലാക്കിയ മനുഷ്യൻ അധപതിച്ചത് തന്റെ അനുസരണക്കേട് മൂലമായിരുന്നു. ഈ അനുസരണക്കേട് സംഭവിച്ചതോ പിശാചിന്റെ പ്രലോഭനം നിമിത്തവും. അവന്റെ സ്വഭാവത്തെകുറിച്ച് ഉൽപ്പത്തി പുസ്തകത്തിൽ പറയുന്നത് ഇപ്രകാരമാണ്: "ദൈവമായ കർത്താവ് സൃഷ്ടിച്ച എല്ലാ വന്യജീവികളിലും വെച്ച് കൗശലമേറിയതായിരുന്നു സർപ്പം" (ഉൽപ്പത്തി 3:1).
അതുപോലെ തന്നെ ഈശോ പിശാചിനെകുറിച്ച് പറയുന്നത് "അവൻ നുണയനും നുണയുടെ പിതാവുമാണ്" (യോഹ 8:44) എന്നാണ്. അതായത് അവനിൽ സത്യമില്ല എന്ന്.
പിശാചിന്റെ ഏറ്റവും വലിയ ലക്ഷ്യം മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റുക എന്നതാണ്. അതുകൊണ്ട് തന്നെ അവൻ അന്നും ഇന്നും മനുഷ്യനെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യനെ വഴിതെറ്റിക്കാൻ വേണ്ടി അവൻ ഏത് വേഷവും കെട്ടും, വേണ്ടിവന്നാൽ പ്രഭാപൂർണ്ണനായ ദൈവദൂതനായി പിശാച് വേഷം കെട്ടും (2കോറി 11:14 കാണുക). അതിനാൽ മനുഷ്യമക്കൾ പിശാചിന്റെ തന്ത്രങ്ങൾ തിരിച്ചറിയാനും അതിൽ നിന്ന് മാറിനിൽക്കുവാൻ തക്കവണ്ണം വിവേകമുള്ളവരായിരിക്കണം.
ആരായിരുന്നു ക്രിസ്തു എന്ന് ചോദിച്ചാൽ അവൻ ദൈവത്തിന്റെ പുത്രനായിരുന്നു. അവൻ മറിയത്തിന്റെ പുത്രനായി ഈ ഭൂമിയിൽ പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനുമായി മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായ് ജനിച്ചവനാണ് . അതിനാൽ തന്നെ അവനിൽ ദൈവത്തിന്റെ ശക്തി പൂർണ്ണമായും പ്രകടമായിരുന്നു. എന്നാൽ അവന് എല്ലാ മനുഷ്യരെയും പോലെ പ്രലോഭനമുണ്ടായപ്പോൾ അവന്റെയുളിലെ ദൈവീകശക്തികൊണ്ട് അവയെല്ലാം അവൻ ചെറുത്തു നിന്നു.
നാം അറിയാതെ ചിന്തിച്ചുപോകുന്ന ഒരു കാര്യമാണ് ഈശോയ്ക്ക് മൂന്ന് പ്രലോഭനങ്ങളെ ഉണ്ടായിട്ടൊള്ളൂ എന്ന്. എന്നാൽ മരുഭൂമിയിലെ പരീക്ഷ്യ്ക്കൊടുവിൽ ലൂക്ക സുവിശേഷകൻ പറഞ്ഞത് ഇങ്ങനെയാണ്: "അപ്പോൾ പ്രലോഭനങ്ങൾ എല്ലാം അവസാനിപ്പിച്ച്, നിശ്ചിതകാലത്തേക്ക് അവനെ വിട്ടുപോയി" (ലൂക്ക 4:13) എന്ന്.
ഈശോയെ പ്രലോഭിപ്പിക്കാൻ എപ്പോഴൊക്കെ പിശാച് അവന്റെ അടുത്ത് വന്നുകൂടിയോ അപ്പോഴൊക്കെ അവന്റെ ഏറ്റവും വലിയ ലക്ഷ്യം ഈശോ സ്വജീവൻ ബലികഴിക്കരുതെന്നു തന്നെയായിരുന്നു. ഈശോയ്ക്ക് മരുഭൂമിയിൽ ഉണ്ടായ മൂന്ന് പരീക്ഷകളിലെല്ലാം പിശാച് വളരെ കൗശലപൂർവ്വം അവന്റെ ജീവിത നിയോഗത്തിൽ നിന്ന് അകറ്റുവാൻ പരിശ്രമിക്കുന്നതാണ് കാണുക. ഒന്നാമത്തെ പ്രലോഭനത്തിൽ തന്റെ ദൈവീകശക്തിയെ സ്വന്തം കാര്യസാധ്യത്തിനായി ഉപയോഗിക്കാൻ പ്രലോഭിപ്പിക്കുമ്പോൾ രണ്ടാമത്തെ പ്രലോഭനത്തിൽ ദൈവത്തിന്റെ അധികാരവും തന്റേതാണ് എന്നവകാശപ്പെട്ട് അവൻ ഈശോയെ കബളിപ്പിക്കാൻ പരിശ്രമിക്കുന്നു. എന്നാൽ മൂന്നാമത്തെ പ്രലോഭനത്തിൽ അവനോട് സ്വർഗ്ഗം ഉപേക്ഷിച്ച് പുറത്ത് കടന്നാലും അവന് ഒന്നും സംഭവിക്കില്ല എന്ന് പറഞ്ഞ് കബളിപ്പിക്കാൻ പരിശ്രമിക്കുന്നു.
സുവിശേഷങ്ങളിലുടനീളം പൊതുവായി കാണുന്ന ഒരു കാര്യമാണ് പിശാചുബാധിതർ അവനെ തിരിച്ചറിയുന്നത്. അപ്പോഴെല്ലാം അവർ അവൻ ആരാണെന്ന് വിളിച്ച് പറയുന്നു. ഉദാഹരണത്തിന്: "മഹോന്നതനായ ദൈവത്തിന്റെ പുത്രാ, യേശുവേ, അങ്ങ് എന്റെ കാര്യത്തിൽ എന്തിന് ഇടപെടുന്നു" (മർക്കോസ് 5:7); "ദൈവപുത്രാ നീ എന്തിന് ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നു?" (മത്താ 8: 29). എപ്പോഴൊക്കെ പിശാച് ബാധിതർ ഈശോയെ ദൈവപുത്രനായി ഏറ്റുപറഞ്ഞോ അപ്പോഴൊക്കെ യേശു അവരെ നിശബ്ദരാക്കി. കാരണം, ഈശോ ആരാണെന്ന് ജനം തിരിച്ചറിഞ്ഞ് അവനെ രാജാവാക്കിയാൽ തന്നെ തന്നെ ബലിയായി നൽകി മനുഷ്യകുലത്തിന് രക്ഷ നൽകാൻ സാധിക്കില്ല എന്ന് ഈശോയ്ക്ക് അറിയാമായിരുന്നു.
ഈശോ അപ്പം വർധിപ്പിച്ചതിന് ശേഷം ജനങ്ങൾ പറഞ്ഞു: "ലോകത്തിലേക്ക് വരാനിരുന്ന പ്രവാചകൻ സത്യമായും ഇവനാണ്. അവർ വന്ന് തന്നെ രാജാവാകാൻ വേണ്ടി ബലമായി പിടിച്ചുകൊണ്ട് പോകാൻ ഭാവിക്കുന്നു എന്ന് മനസിലാക്കിയ യേശു വീണ്ടും മലമുകളിലേക്ക് പിന്മാറി" (യോഹ 6:14-15). ഇതും പിശാചിന്റെ ഒരു തന്ത്രമായിരുന്നു. ഒരുപക്ഷെ ഈശോ അവരുടെ രാജാവായിരുന്നെങ്കിൽ ഈശോയ്ക്ക് ഒരിക്കലും കുരിശിൽ പിടഞ്ഞ് മരിക്കേണ്ടി വരില്ലായിരുന്നു.
ഈശോ തന്നെ തന്നെ ബലിയായി നൽകരുതെന്ന പിശാചിന്റെ ലക്ഷ്യം ഏറ്റവും കൂടുതൽ വ്യക്തമാവുന്നത് ഈശോ തന്റെ പീഢാനുഭവത്തിന്റെയും ഉത്ഥാനത്തിന്റെയും പ്രവചനം ആദ്യമായി നടത്തുമ്പോഴാണ്. അപ്പോൾ പത്രോസിലൂടെ പിശാച് അവനോട് പറഞ്ഞത് ഇങ്ങനെയാണ്: "ദൈവം കനിയട്ടെ! കർത്താവേ, ഇതൊരിക്കലും നിനക്ക് സംഭവിക്കതിരിക്കട്ടെ." സ്നേഹത്തിന്റെ ഭാവത്തിനു പിന്നിൽ മറഞ്ഞിരുന്ന പിശാചിന്റെ കൗശലം തിരിച്ചറിഞ്ഞ യേശുവിന്റെ മറുപടി ഇങ്ങനെയായിരുന്നു. "സാത്താനെ, എന്റെ മുമ്പിൽ നിന്ന് പോകൂ, നീ എനിക്ക് പ്രതിബന്ധമാണ്. നിന്റെ ചിന്ത ദൈവീകമല്ല, മാനുഷികമാണ്" എന്ന് (മത്താ 16:22-23 കാണുക).
ദൈവത്തിന്റെ സൃഷ്ടിയുടെ മകുടമാണ് മനുഷ്യൻ. ആ മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റുന്നതുവഴി പിശാച് ദൈവത്തെ തോൽപ്പിക്കാൻ പരിശ്രമിക്കുന്നു. അതിനായി അവൻ എന്ത് തന്ത്രവും പയറ്റുന്നു. അതുകൊണ്ടാണ് പത്രോസ് ശ്ലീഹാ തന്റെ ഒന്നാമത്തെ ലേഖനത്തിൽ ഇപ്രകാരം പറയുന്നത്: "നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ച് ചുറ്റിനടക്കുന്നു" (1 പത്രോ 5:8) എന്ന്.
അതുകൊണ്ട് തന്നെ ഈശോയെപോലെ ആയി മാറുവാൻ നമുക്കും സാധിക്കണം. ലോകത്തിന് രക്ഷ നേടികൊടുക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം. അത് നടക്കാതിരിക്കാൻ പിശാച് പല തന്ത്രവും പയറ്റിനോക്കി. എന്നാൽ അവന് വിജയിക്കാൻ സാധിച്ചില്ല. കാരണം ഈശോ അവന്റെ ഓരോ തന്ത്രവും വിവേചിച്ചറിഞ്ഞു. ഈശോ നമുക്കായി നേടിതന്ന രക്ഷയ്ക്ക് അർഹരാവുക എന്നതാണ് നമ്മുടെ ജീവിത ലക്ഷ്യം. അത് സാധ്യമാവാതിരിക്കുവാൻ പിശാച് പല കളവും പറയും, കബളിപ്പിക്കാൻ പരിശ്രമിക്കും, പല തന്ത്രങ്ങളും മെനയും. എന്നാൽ ഇവയിൽ നിന്നൊക്കെ അകന്ന് നിൽക്കണമെങ്കിൽ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് നന്മ-തിന്മകളെ വിവേചിച്ചറിയാൻ നമുക്ക് സാധിക്കണം.
.png)
0 Comments
If you have any doubts feel free to comment