തിരുഹൃദയത്തെ അടുത്തറിയാം


 


(🎧Scroll down to listen to the audio)

കത്തോലിക്കാ സഭയിൽ ഏറ്റവും അധികം പ്രചാരത്തിലുള്ള ഒരു ഭക്താഭ്യാസമാണ് നമ്മുടെ കർത്താവായ ഈശോ മിശിഹായുടെ തിരുഹൃദയത്തോടുള്ള ഭക്തി. ഒത്തിരിയേറെ ദേവാലയങ്ങൾ, സ്ഥാപനങ്ങൾ എന്നിവ ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഏവർക്കും സുപരിചിതമാണ് ഈശോയുടെ തിരുഹൃദയം.

ചരിത്രം

തിരുഹൃദയ ഭക്തി ഏറ്റവും അധികം പ്രചാരത്തിലാകുന്നത് ഫ്രാൻസിൽ ജീവിച്ചിരുന്ന വിസിറ്റേഷൻ സന്യാസിനിയായ മാർഗരറ്റ് മേരി അലക്കോക്കിലൂടെ (മർഗരീത്ത മറിയം) യാണ്. 1673 നും 1675 നും ഇടയിൽ ഈശോ വളരെയേറെ പ്രാവശ്യം പ്രത്യക്ഷപ്പെടുകയും തിരുഹൃദയ ഭക്തിയെകുറിച്ച് പഠിപ്പിക്കുകയും ചെയ്തു. 

എന്നാൽ തിരുഹൃദയഭക്തി സഭയിൽ യഥാർത്തിൽ ആരംഭിക്കുന്നത് പന്ത്രണ്ട് പതിമൂന്ന് നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന വി. ബർണാഡിലൂടെയും അസ്സീസിയിലെ വി. ഫ്രാൻസിസിലൂടെയുമാണ്. ആ കാലത്ത് കുരിശുയുദ്ധക്കാർ സ്വദേശത്തേക്ക് മടങ്ങിയപ്പോൾ ഈശോയുടെ തിരുമുറിവുകളോടുള്ള, പ്രത്യേകിച്ച്, ഈശോയുടെ പാർശ്വത്തിലെ മുറിവിനോടുള്ള ഭക്തിയിൽ ആഴപ്പെടുകയും ചെയ്തിരുന്നു. വി. ബർണാഡ് പറയുന്നത് ഇപ്രകാരമാണ്: ഈശോയുടെ പാർശ്വത്തിലെ മുറിവ് മനുഷ്യവംശത്തോടുള്ള അവിടുത്തെ ഹൃദയ സ്നേഹത്തെയാണ് വെളിവാക്കുക. 

പതിമൂന്ന് മുതൽ പതിനാറ് വരെയുള്ള നൂറ്റാണ്ടുകളിൽ ഈശോയുടെ തിരുഹൃദയ ഭക്തി പ്രചരിപ്പിക്കപ്പെട്ടെങ്കിലും അതിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. എന്നാൽ ഈ ഭക്തി ഏറ്റവും ശക്തമായി വളർച്ച പ്രാപിക്കുന്നത് മർഗരീത്ത മറിയത്തിലൂടെയാണ്. 

വി. മർഗരീത്ത മറിയം

വി. മർഗരീത്ത മറിയം പതിനേഴാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന ഒരു സന്യാസിനിയായിരുന്നു. ഒരു സന്യാസിനിയാകുന്നതിന് മുമ്പ് തന്നെ ഒത്തിരി ദൈവീക അനുഭവങ്ങൾ അവൾക്ക് ഉണ്ടായിരുന്നു. എന്നാൽ അവയെല്ലാം ദൈവീക അനുഭവങ്ങൾ ആണെന്ന് അവൾക്ക് അന്ന് തിരിച്ചറിയാൻ സാധിച്ചില്ല. വളർന്ന് വലുതായപ്പോൾ അവളുടെ അമ്മ അവളുടെ സുഹൃത്തുക്കളോടൊപ്പം നൃത്തത്തിന് പറഞ്ഞയച്ചു. അവിടെ വെച്ച് മുറിയപ്പെട്ട ഈശോയുടെ അനുഭവം അവൾക്കുണ്ടാവുകയും താൻ ഈശോയെ മറന്ന് ജീവിക്കാൻ ആരംഭിച്ചന്ന് മനസിലാക്കിയ അവൾ ഒരു സന്യാസിനിയാവാൻ തീരുമാനിക്കുകയും ചെയതു. അങ്ങനെ അവൾ വിസിറ്റേഷൻ സന്യാസ സഭയിൽ ചേർന്ന് ഒരു സന്യാസിനിയായി. 

1673 മുതൽ ഈശോ അവൾക്ക് പ്രത്യക്ഷപ്പെടാൻ തുടങ്ങുകയും ഒരിക്കൽ ഈശോയുടെ ഹൃദയത്തിൽ തന്റെ തലചായ്ച്ച് ഈശോയുടെ സ്നേഹം അനുഭവിക്കുവാനും അവൾക്ക് സാധിച്ചു. 1674 ജൂൺ-ജൂലൈ മാസത്തിൽ ഈശോ അവൾക്ക് പ്രത്യക്ഷപ്പെട്ട് തന്റെ തിരുഹൃദയ വണക്കം സഭയിൽ പ്രചരിപ്പിക്കുവാൻ ആവശ്യപ്പെട്ടു. അതുപോലെ തന്നെ മാസാദ്യ വെള്ളിയാഴ്ച്ചകളിൽ വി. കുർബാനയിൽ തന്നെ വിശ്വസ്തതയോടെ സ്വീകരിക്കാനും ദിവ്യകാരുണ്യ ആരാധന നടത്തുവാനും ആവശ്യപ്പെട്ടു.

1675 ൽ വി. കുർബാനയുടെ തിരുന്നാളിന്റെ അന്ന് ഈശോ മർഗരീത്താ മറിയത്തിന് പ്രത്യക്ഷപ്പെട്ട് വി. കുർബാനയുടെ തിരുന്നാൾ കഴിഞ്ഞ് വരുന്ന വെള്ളിയാഴ്ച്ച തിരുഹൃദയ തിരുന്നാൾ സഭയിൽ   കൊണ്ടാടണമെന്ന് ആവശ്യപ്പെട്ടു. 

വി. മർഗരീത്ത മറിയത്തിന്റെ മരണത്തിന് ശേഷമാണ് ഈശോയുടെ തിരുഹൃദയ ഭക്തി കൂടുതലായി പ്രചരിക്കുന്നത്. 1765ൽ ഫ്രാൻസിന്റെ ഔദ്യോഗിക തിരുന്നാളായി ഇതിനെ പ്രഖ്യാപിച്ചു. 1873 മെയ് 8ആം തീയതി ഒമ്പതാം പീയൂസ് മാർപ്പാപ്പ തിരുഹൃദയ വണക്കത്തിന് സഭയിൽ അംഗീകാരം നൽകി. 1899 ജൂലൈ 21ന് ലിയോ പതിമൂന്നാമൻ മാർപ്പാപ്പ സഭയിലെ എല്ലാ മെത്രാന്മാരോടും തങ്ങളുടെ രൂപതയിൽ ഈ തിരുന്നാൽ ആഘോഷിക്കാൻ ആവശ്യപ്പെടുകയും ദണ്ഡവിമോചനം പ്രഖ്യാപിക്കുകയും ചെയ്തു.

ഈശോയുടെ തിരുഹൃദയത്തെ അടുത്തറിയാം


1) ജ്വാല: ഈശോയുടെ തിരുഹൃദയത്തിന്റെ മുകളിൽ വി. കുരിശിന്റെ പിന്നിലായി കാണപ്പെടുന്നു. മനുഷ്യകുലത്തോടുള്ള സ്നേഹത്തെപ്രതി തന്റെ ഹൃദയം ജ്വലിക്കുന്നു എന്ന് സൂചിപ്പിക്കുന്നു. 

2) വി. കുരിശ്ശ്: ഈശോയുടെ തിരുഹൃദയത്തിന്റെ മുകളിൽ വി. കുരിശ്ശ് കാണപ്പെടുന്നു. ഈശോ മർത്യകുലത്തിന്റെ പാപങ്ങൾക്ക് പരിഹാരമായി ചെയ്ത ആ പരമയാഗത്തെ ഓർമ്മപ്പെടുത്തുന്നു.

3) മുൾമുടി: ഈശോയുടെ തിരുഹൃദയത്തിന് ചുറ്റും കാണാപ്പെടുന്നു. കാൽവരി യാത്രയിലും മരണത്തിലും ഈശോ ഏറ്റെടുത്ത സഹനത്തെയും വേദനയെയും സൂചിപ്പിക്കുന്നു. 

4) തിരുമുറിവും രക്തതുള്ളികളും: ഈശോയുടെ തിരുഹൃദയത്തിൽ മുൾമുടിക്ക് താഴെയായി കാണപ്പെടുന്നു. കുരിശ്ശിൽ കിടക്കുമ്പോൾ തന്റെ പാർശ്വത്തിൽ കുന്തത്താൽ കുത്തപ്പെട്ട മുറിവും ചിന്തിയ രക്തവും. 

ഈശോയുടെ തിരുഹൃദയം നൽകുന്ന പന്ത്രണ്ട് വാഗ്ദാനങ്ങൾ

1)  തങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും നൽകും.

2) അവിടുന്ന് അവരുടെ ഭവനങ്ങളിൽ സമാധാനം സ്ഥാപിക്കും.

3) തങ്ങളുടെ കഷ്ടതകളിലെല്ലാം അവിടുന്ന് അവർക്ക് ആശ്വാസം നൽകും.

4) ഈ ജീവിതത്തിലും അതിലുപരി മരണത്തിലും അവിടുന്ന് അവർക്ക് സുരക്ഷിതമായ അഭയശിലയാകും.

5) തങ്ങളുടെ എല്ലാ ചുവടുവെപ്പിലും അവിടുന്ന് അവർക്ക് അനുഗ്രഹങ്ങൾ വാരികോരികൊടുക്കും. 

6) പാപികൾ അവിടുത്തെ തിരുഹൃദയം വറ്റാത്ത ഉറവയായി കണ്ടെത്തും.

7) തളർന്ന് പോയ ആത്മാക്കളെല്ലാം ദൈവസ്നേഹത്താൽ നിറയും.

8) ആ ആത്മാക്കളെല്ലാം പെട്ടന്ന്തന്നെ പരിപൂർണ്ണമായും കുറ്റമറ്റതാകും.

9) അവിടുത്തെ തിരുഹൃദയരൂപത്തെ എവിടെയൊക്കെ സ്ഥാപിക്കുകയോ വണങ്ങുകയും ചെയ്യുന്നുവോ  അവിടൊമൊക്കെ അവിടുന്ന് അനുഗ്രഹിക്കും.

10) വൈദീകർക്ക് അവിടുന്ന് ഏറ്റവും കഠിനഹൃദയങ്ങളെ സ്പർശിക്കാനുള്ള വരം നൽകും.

11) തിരുഹൃദയഭക്തി പ്രചരിപ്പിക്കുന്നവരുടെ പേരുകൾ അവിടുത്തെ ഹൃദയത്തിൽ തന്നെ എഴുതി സൂക്ഷിക്കും.

12) ഒമ്പത് ആദ്യവെള്ളിയാഴ്ച്ചകളിൽ തുടർച്ചയായി വി. കുർബാനയിൽ സംബന്ധിച്ച് അത് സ്വീകരിക്കുന്നവർക്കായി അവിടുത്തെ കൃപ സംപൂർണ്ണമായ ഹൃദയത്തിൽ നിന്ന് അത്യുഷ്മളമായ സ്നേഹത്തോടെ അനുഗ്രഹങ്ങൾ വർഷിക്കും. അവർ കൂദാശകൾ സ്വീകരിക്കാതെ മരിക്കുകയില്ല.



Click this icon for more articles: 🏠 

Post a Comment

0 Comments