(🎧Scroll down to listen to the audio)
ഞാൻ കേരളത്തിലെ ഒരു ദേവാലയത്തിൽ സേവനം അനുഷ്ഠിക്കുമ്പോൾ ഓണത്തിന് KCYMന്റെ നേതൃത്വത്തിൽ അമ്പത് പേരെ ഉൾപ്പെടുത്തികൊണ്ട് ഒരു മെഗാതിരുവാതിര അവതരിപ്പിക്കുകയുണ്ടായി. അതിനുശേഷം ഒരു വ്യക്തി വന്ന് എന്നോട് ചോദിച്ചു "അച്ചാ, നമ്മൾ ക്രിസ്ത്യാനികൾ ഓണം ആഘോഷിക്കുന്നത് ശരിയാണോ?" കഴിഞ്ഞ ഒന്ന് രണ്ട് വർഷങ്ങളായി നമ്മൾ കേട്ട് തുടങ്ങിയ കാര്യമാണ് ക്രൈസ്തവർ ഓണം ആഘോഷിക്കുന്നത് ശരിയല്ല കാരണം അത് അന്യദൈവാരാധനയാണ് ദൈവകൽപ്പനയ്ക്ക് എതിരാണ് എന്നൊക്കെ. ഒത്തിരിയേറെ കരിസ്മാറ്റിക്ക്കാരും ധ്യാനഗുരുക്കന്മാരും സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം കാര്യങ്ങൾ പഠിപ്പിക്കുന്നുമുണ്ട്. ഒരുപക്ഷെ ഇത്തരം പ്രബോധനങ്ങളുടെ സ്വാധീനത്താലാവാം ഇദ്ധേഹം എന്നോട് ഇത് ചോദിച്ചത്.
തീർത്തും ഒരു സങ്കോചവും കൂടാതെ ഏറെ താല്പര്യത്തോടെ ഓണം ആഘോഷിച്ചിരുന്ന കേരള ക്രൈസ്തരിൽ പലരെയും അസ്വസ്തതപ്പെടുത്തുക കൂടെയാണ് ഇത്തരക്കാർ ചെയ്ത് വരുന്നത്. പലപ്പോഴും ഇത്തരം തീവ്രനിലപാടുകൽ സമൂഹത്തിൽ അസ്വസ്തതകൾ ഉണ്ടാക്കുവാൻ ഇടയാകാറുണ്ട്. മലയാളികളെ സംമ്പന്ധിച്ചിടത്തോളം ഓണം എന്നത് ഒരു നാടിന്റെ ആഘോഷമാണ്. അവിടെ ക്രൈസ്തവനെന്നോ ഹൈന്ദവനെന്നോ, മുസൽമാനെന്നോ ചിന്തിക്കാതെ ഒരുമിച്ച് നടത്തുന്ന ആഘോഷം.
മതത്തിന്റെ പേരിൽ തീവ്രനിലപാടുകൾ ഇല്ലാതെ എല്ലാവരെയും ഒരുപോലെ കാണുകയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണ് ക്രൈസ്തവർ. എല്ലാവരെയും ദൈവത്തിന്റെ മക്കളായി കണ്ട് സമൂഹത്തിൽ പാർശ്വവക്കരിക്കപ്പെട്ടവർക്ക് ഒരു അത്താണിയായും അജ്ഞതയിൽ അറിവിന്റെ പ്രകാശമായും സാമൂഹിക അനീതിക്കെതിരെ പോരാടിയതുമായ ചരിത്രവുമാണ് ക്രൈസ്തവർക്ക് കേരളത്തിൽ ഉള്ളത്. ഈ സ്വഭാവവൈശേഷ്യങ്ങൾ തന്നെയാണ് ക്രൈസ്തവരെ മലയാളികളുടെയിടയിൽ ബഹുമാന്യരാക്കുന്നതും. എന്നാൽ നമ്മുടെയിടയിൽ ഉയർന്നുവരുന്ന ഇത്തരം പ്രവണതകൾ ക്രൈസ്തവരുടെ ഇടയിലും ഒരു തീവ്രവാദികൾ ഉണ്ട് എന്ന ഒരു സന്ദേശമല്ലേ സമൂഹത്തിന് നൽകുന്നത്? ഇത് നമുക്ക് നല്ലതാണ് എന്ന് കരുതാനാവുമോ? ഒന്ന് ഓർത്ത് നോക്കിക്കേ, എന്താണ് ഓണം നൽകുന്ന സന്ദേശം എന്ന്! സത്യത്തിന്റെ, ഐശ്വര്യത്തിന്റെ, നീതിയുടെ, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ ഒക്കെ സന്ദേശം നൽകുന്ന ഓണം എങ്ങനെയാണ് തിന്മയുടെ ആഘോഷമാവുക?
സഭയുടെ നിലപാട്
ഈ വർഷത്തെ ഓണം അടുത്ത് വരുന്ന സാഹചര്യത്തിലും, ചിലരുടെ തീവ്രനിലപാടുകൾ ക്രൈസ്തവ സമൂഹത്തിൽ അസ്വസ്തതയുളവാക്കിയതിനാലും സീറോ മലബാർ സഭയുടെ ഡോക്ട്രിനൽ കമ്മീഷൻ ഒരു പഠനം പുറത്തിറക്കിയിട്ടുണ്ട്. ഡോ. സെബാസ്റ്റ്യൻ ചാലക്കൽ അച്ചൻ ആണ് സീറോ മലബാർ സഭയുടെ ഡോക്ട്രിനൽ കമ്മീഷനു വേണ്ടി ഈ പഠനം നടത്തിയത്. ഈ പഠനം ക്രൈസ്തവർ ആത്മീയ പക്വത കൈവരിക്കുക എന്ന ലക്ഷ്യത്തോടു കൂടെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതര മതവിഭാഗങ്ങളുമായുള്ള സഭയുടെ ബന്ധത്തെകുറിച്ചും, ക്രൈസ്തവേതര മതങ്ങളുടെ വിശ്വാസങ്ങളോടുള്ള സഭയുടെ സമീപനം എങ്ങനെയാണന്നും, മതാന്തരസംവാദങ്ങളുടെ ആവശ്യകതെയെ കുറിച്ചും ഈ പഠനം വ്യക്തമായി പ്രതിപാതിക്കുന്നു.
ഈ പഠനത്തിന്റെ പ്രസക്തഭാഗത്തിലൂടെ: "ഓണം ഒരു സാംസ്കാരിക ആഘോഷമായാണ് കേരളീയർ മനസിലാക്കുന്നത്. ഏതെങ്കിലും ഒരു ആഘോഷമായി മനസിലാക്കിയിട്ടും അല്ല ക്രൈസ്തവർ ഇത് ആഘോഷിക്കുന്നതും. ഓണവുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടിലുള്ള ഓണ സദ്യയും ഓണകളികലും പൂക്കളങ്ങളും വടംവലി മുതലായ മൽസരങ്ങളും പുലികളിയും എല്ലാം ഈ സാംസ്കാരികാ അഘോഷത്തിന്റെ ഭാഗം തന്നെയാണ്. മനുഷ്യർതമ്മിൽ സ്നേഹവും സൗഹൃദവും സന്തോഷവും പ്രകടിപ്പിക്കുന്ന ഒരു ആഘോഷം എന്നതിന് അപ്പുറത്തേക്ക് വിശ്വാസത്തിലധിഷ്ഠിതമായ ഒരു വ്യാഖ്യാനവും ക്രൈസ്തവർ ഓണത്തിന് നൽകുന്നില്ല. അതുകൊണ്ട് തന്നെ ഒരു സാംസ്കാരിക അഘോഷമെന്ന രീതിയിൽ ഓണം ആഘോഷിക്കുന്നത് തെറ്റാണന്ന് പറയാൻ സാധിക്കുകയില്ല. മത സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഓണാഘോഷത്തെ കാണാൻ നമുക്ക് സാധിക്കട്ടെ. വിശ്വാസസംബന്ധമായ ഒരു വ്യാഖ്യാനവും ക്രൈസ്തവർ ഓണാഘോഷത്തിന് നൽകേണ്ടതില്ല. ഒരു സാംസ്കാരിക ആഘോഷമെന്ന നിലയിലാണ് ഇക്കാലമത്രെയും ഓണം നാം അഘോഷിച്ചിട്ടുള്ളത്. ഇനിയും അപ്രകാരമാണ് വേണ്ടത്. ഏതെങ്കിലും ഒരു പ്രത്യേക ജാതിയുടെയോ മതത്തിന്റെയോ ആഘോഷമായിട്ടല്ല സകല മനുഷ്യരും ആഗ്രഹിക്കുന്ന സത്യത്തിലും സ്നേഹത്തിലും നീതിയിലും അടിസ്താനമിട്ട മാനവസമൂഹം വളർത്തിയെടുക്കുന്നതിനുള്ള പ്രചോതനമാണ് ഓണാഘോഷം നമുക്ക് നൽകുന്നത്. അതുകൊണ്ട് തന്നെ മനുഷ്യർ തമ്മിലുലുള്ള സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി നമുക്ക് മനസിലാക്കാം ആഘോഷിക്കാം."
എല്ലാവർക്കും നല്ല ഒരു ഓണം ആശംസിക്കുന്നു.
Click this icon for more articles: 🏠

0 Comments
If you have any doubts feel free to comment