Author: Fr. Johny Jose HGN
Contents:
- പരിഭാഷ ചെയ്യപ്പെടാത്ത വാക്കുകൾ
- എന്തുകൊണ്ട് ഈ വക്കുകൾക്ക് പരിഭാഷയില്ല?
ക്രൈസ്തവ പാരമ്പര്യത്തിൽ ബൈബിളും, വി. കുർബാനയും, പ്രാർത്ഥനകളും എല്ലാം അതാത് ഭാഷയിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ നമ്മുടെ വിശ്വാസജീവിതത്തിൽ വളരെ സാധാരണയായി ഉപയൊഗിക്കുന്ന മൂന്ന് വാക്കുകൾ പരിഭാഷ ചെയ്യപ്പെട്ടിട്ടില്ല. അവയേതൊക്കെയെന്നും അവയുടെ അർത്ഥമെന്തെന്നും നമുക്ക് മനസിലക്കാം.
പരിഭാഷ ചെയ്യപ്പെടാത്ത വാക്കുകൾ
1) ഹോശാന
ഹോശാന എന്ന വാക്ക് നമുക്ക് വളരെ ഗ്രഹാതുരത്വം ഉണർത്തുന്ന ഒരു വാക്കാണ്. ഓശാന തിരുന്നാളിൽ കൈയ്യിൽ കുരുത്തോലയുമേന്തി പ്രതിക്ഷണമായി പോകുന്നത് ഒക്കെ നമ്മുടെ മനസിൽ ഓർമ്മ വരും. ഓശാനയുടെ കഥയും നമുക്ക് സുപരിചിതമാണ്. ലോകത്തിന്റെ രക്ഷകനായ ഈശോ കഴുതകുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് വന്നപ്പോൾ ജനങ്ങൾ തങ്ങളുടെ വസ്ത്രങ്ങൾ ഊരിയും ഒലിവിൻ ചില്ലകൾ നിരത്തിയും വിളിച്ച് പറഞ്ഞു ഹോശാന ദാവീദിന്റെ പുത്രന് ഹോശാന. എന്തായിരുന്നു ഹോശാന എന്ന വാക്കിന്റെ അർത്ഥം?. ഞങ്ങളെ രക്ഷിക്കണമെ അഥവാ ഞങ്ങളെ രക്ഷിക്കണമെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു എന്നാണ് ഈ വാക്കിന്റെ അർത്ഥം.
2) ഹല്ലേലുയ്യ
നമ്മുടെയൊക്കെ ധ്യാനകേന്ദ്രങ്ങളിൽ മുഴുങ്ങി കേൾക്കുന്ന രണ്ട് സ്തുതികളാണ് ഹല്ലേലുയ്യയും പ്രൈസ് ദ ലോഡും. എന്നാൽ ഹല്ലേലുയ്യയുടെ അർത്ഥം തന്നെ പ്രൈസ് ദ ലോഡ് എന്നാണെന്ന് എത്ര പേർക്ക് അറിയാം? അതെ ഹല്ലേലുയ്യ എന്നാൽ ദൈവത്തിന് സ്തുതി എന്നാണ് അർത്ഥം.
"ഹല്ലേൽ" യഹോവ എന്നതിന്റെ ചുരുക്കമായ "യാഹ്" എന്നിവ ചേർന്നാണ് ഹല്ലേലുയ്യ എന്ന വാക്ക് രൂപപ്പെട്ടത്. ഹല്ലേൽ എന്നാൽ സ്തുതി എന്നും യാഹ് എന്നാൽ യാഹോവ എന്നാണ് അർത്ഥം.
ഹല്ലേലുയ്യ എന്ന വാക്ക് സങ്കീർത്തനങ്ങളിൽ പലയിടത്തായും ഉപയോഗിക്കുകയും പ്രത്യേകിച്ച് ദൈവത്തിന്റെ ശക്തിയെയും കരുണയെയും വിശ്വസ്തതെയും വാഴ്ത്തുവാനും സ്തുതിക്കുവാനുമായി ഇസ്രായേൽ സമൂഹം ഉപയോഗിച്ചിചിരുന്നു.
3) ആമ്മേൻ
നാം നിത്യേന ഉപയോഗിക്കുന്ന ഓരോ പ്രാർത്ഥനയും പ്രാർത്ഥനായി മാറുന്നത് ആമ്മേൻ എന്ന വാക്കുകൊണ്ടാണ്. എന്നിരുന്നാലും പലപ്പോഴും നാം ആമ്മേൻ എന്ന വാക്കിന്റെ അർത്ഥം എന്താണ് എന്ന ശരിയായി മനസിലാക്കാതെയല്ലേ അമ്മേൻ എന്ന് പറഞ്ഞ് പ്രാർത്ഥനകൾ അവസാനിപ്പിക്കാറ്? അങ്ങനെ സംഭവിക്കട്ടെ, സത്യമായിട്ടും, അങ്ങനെയാകട്ടെ എന്നൊക്കെയാണ് ഈ വാക്കിന്റെ അർത്ഥം.
പഴയ നിയമത്തിൽ പലയിടത്തും ഒരു വിശ്വാസിയുടെ വിശ്വാസം ഊട്ടിയുറപ്പിക്കുവാനായി ഈ വാക്ക് ഉപയോഗിച്ച് വന്നിരുന്നു. എന്നാൽ സുവിശേഷത്തിലേക്ക് വരുമ്പോൾ ഈശോ "സത്യം സത്യമായും" എന്ന് പറയുന്നതിന് "ആമ്മേൻ ആമ്മേൻ" എന്ന് ഉപയോഗിക്കുന്നതായി പല പരിഭാഷകളിലും നമുക്ക് കാണാം.
എന്തുകൊണ്ട് ഈ വക്കുകൾക്ക് പരിഭാഷയില്ല?
നമ്മുടെ പ്രാർത്ഥനകളും കുർബാനയും ഒക്കെ പല ഭാഷകളിലേക്ക് പരിഭാഷ നടത്തിയെങ്കിലും ഈ മൂന്ന് വാക്കുകളും പരിഭാഷ ചെയ്യപ്പെട്ടിട്ടില്ല. കാരണം ചില വിശുദ്ധ പദങ്ങൾക്ക് ആഴത്തിലുള്ള അർത്ഥങ്ങൾ ഉണ്ട്. അവ അങ്ങനെ തന്നെ കാത്ത് സൂക്ഷിചാൽ മാത്രമേ അവയുടെ അർത്ഥം പൂർണ്ണമാകൂ.
ഈ വാക്കുകൾ അവയുടെ യഥാർത്ഥ ഹീബ്രുവിൽ നിലനിർത്തുന്നതിലൂടെ, വിശുദ്ധ ഗ്രന്ഥങ്ങളുമായും യഹൂദമതത്തിന്റെയും ക്രിസ്തുമതത്തിന്റെയും ആദ്യകാല ആചാരങ്ങളുമായും നേരിട്ടുള്ള ബന്ധം നിലനിർത്താൻ കഴിയും. വിശ്വാസത്തിന്റെ ചരിത്രപരമായ വേരുകളെക്കുറിച്ചുള്ള നിരന്തരമായ ഓർമ്മപ്പെടുത്തലായി അവ പ്രവർത്തിക്കുന്നു. അവ വിവർത്തനം ചെയ്യുന്നത് ഈ ബന്ധത്തെയും അവ ഉൾക്കൊള്ളുന്ന പ്രത്യേക ദൈവശാസ്ത്ര ആശയങ്ങളെയും ദുർബലപ്പെടുത്തിയേക്കാം.
ഇവ ലളിതമായ നിർവചനങ്ങളുള്ള വെറും വാക്കുകളല്ല; മറിച്ച് നമ്മുടെ പ്രാർത്ഥനകളുടെ പ്രതീകങ്ങളാണ്. അവയുടെ ശക്തി അവയുടെ അർത്ഥത്തിൽ മാത്രമല്ല, പ്രാർത്ഥനയ്ക്കിടെയുള്ള ശബ്ദത്തിലും ഉച്ചാരണത്തിലുമാണ്. ഈ ശബ്ദത്തിന് തന്നെ അതിന്റെ പവിത്രമായ അർത്ഥവുമായി ഒരു ആന്തരിക ബന്ധമുണ്ടെന്ന് മനസിലാക്കാം. ദൈവത്തിന് സ്തുതി അല്ലെങ്കിൽ ഞങ്ങളെ രക്ഷിക്കണമെ എന്ന് പറയുന്നതിനേക്കാളും വൈകാരികവും ആത്മീയവുമായ ഒരു ബന്ധം "ഹല്ലേലൂയ" അല്ലെങ്കിൽ “ഹോശാന" എന്ന് പറയുമ്പോൾ ഉണ്ടാകുന്നു
Click this icon for more articles: 🏠

0 Comments
If you have any doubts feel free to comment