നമ്മള്‍ പലപ്പോഴും അത്ഭുതങ്ങളുടെ പുറകെ ഓടാറുള്ളവരാണ്. അവിടെ മാതാവ് പ്രത്യക്ഷപ്പെട്ടു. മാതാവിന്‍റെ രൂപത്തില്‍ നിന്ന് എണ്ണ ഒഴുകി; കണ്ണില്‍ നിന്ന് രക്തം വന്നു എന്നൊക്കെ... എന്നാല്‍ എന്താണ് ഇതിന്‍റെ പിന്നിലെ വാസ്തവം? അത്ഭുതങ്ങളെ കുറിച്ച് സഭ എന്ത് പറയുന്നു? ഇത് അറിയുന്നത് വഞ്ചിക്കപ്പെടതിരിക്കുന്നതിന് നല്ലതായിരിക്കും.
അത്ഭുതങ്ങള്‍ സത്യമാണ് എന്നാല്‍ എല്ലാം അല്ല. ദൈവത്തിന് അത്ഭുതങ്ങള്‍ ചെയ്യാന്‍ സാധ്യമാണ്. അത് ചിലപ്പോള്‍ ചില വെളിപാടുകളിലൂടെ ആയിരിക്കാം, ചില വ്യക്തികളിലൂടെ ആയിരിക്കാം. കാരണം ദൈവത്തിന് അസാധ്യമായി ഒന്നും ഇല്ലല്ലോ! പക്ഷേ അത് നാം വിവേചിച്ചറിയുക എന്നതിലാണ് കാര്യം.
സഭ ഇതിനെ കുറിച്ച് എന്താണ് പറയുന്നതു എന്ന് നോക്കാം. സഭയില്‍ രണ്ട് തരം വെളിപാടുകള്‍ ഉണ്ട്. ഒന്ന് പൊതു വെളിപ്പാട്, രണ്ട് സ്വകാര്യ വെളിപ്പാട്. (NB: അത്ഭുതങ്ങളെ ഇവിടം മുതല്‍ സ്വകാര്യവെളിപാടുകള്‍ എന്നായിരിക്കും പറയുക.) ഈ വെളിപ്പാട് ഈശോ മിശിഹായിലൂടെ പൂര്‍ത്തികരിക്കപ്പെട്ട സത്യമാണ്. അതുകൊണ്ട് തന്നെ ഇത് വിശ്വസിക്കാന്‍ ഓരോ വിശ്വാസിയും കടപ്പെട്ടിരിക്കുന്നു. എന്നാല്‍ പൊതു വെളിപാടുകളുടെ വിശദീകരണത്തിനായി കാലാകാലങ്ങളായി നല്‍കപ്പെട്ടവയാണ് സ്വകാര്യ വെളിപാടുകള്‍. എന്നാല്‍ സ്വകാര്യ വെളിപാടുകള്‍ വിശ്വാസികള്‍ വിശ്വസിക്കാന്‍ കടപ്പെട്ടിട്ടില്ല. കാരണം പൊതു വെളിപ്പാട് അതില്‍ തന്നെ പൂര്‍ണമാണ്.
കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നത് ഇതാണ്: ക്രിസ്തുവിന്‍റെ രണ്ടാം വരവിന് മുന്‍പായി മറ്റൊരു പരസ്യ വെളിപാടും നാം പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍ വിവിധ കാലഘട്ടങ്ങളില്‍ സ്വകാര്യ വെളിപാടുകള്‍ ഉണ്ടായിട്ടുണ്ട്. ഇവയ്ക്ക് സഭയുടെ അധികാരികളില്‍ നിന്ന് അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും അവ സഭയുടെ വിശ്വാസനിക്ഷേപത്തിന്‍റെ ഭാഗമല്ല. എന്നാല്‍ ഇവ പ്രത്യേക കാലഘട്ടത്തില്‍ വിശ്വാസത്തില്‍ ആഴപ്പെടേണ്ടതിന് നല്‍കപ്പെട്ട വിശദീകരണങ്ങളാണ് (cf. CCC.66 & 67).
“സ്വകാര്യവെളിപാടുകള്‍ സഭയുടെ അംഗീകാരത്തില്‍ മൂന്ന് കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു: ഒന്നാമതായി, സഭയുടെ സത്യവിശ്വാസത്തിനും ധാര്‍മികതയ്ക്കും വിരുദ്ധമായി യാതൊന്നും പ്രസ്തുത വെളിപാടില്‍ അടങ്ങിയിട്ടില്ല എന്നതിന്‍റെ അംഗീകാരം. രണ്ടാമതായി, പ്രസ്തുത വെളിപ്പാടിനെ പരസ്യപ്പെടുത്താനുള്ള നൈയാമിക അംഗീകാരം. മൂന്നാമതായി, പ്രസ്തുത വെളിപ്പാടിനെ വിവേകപൂര്‍വ്വം സ്വീകരിക്കാന്‍ വിശ്വാസിക്കുള്ള അനുവാദം” (La Civilta Catholica II (1953) 392-406).
അതുകൊണ്ട് തന്നെ ഓരോ സ്വകാര്യവെളിപാടും അംഗീകരിക്കപ്പെടണമെങ്കില്‍ അവ വിശുദ്ധഗ്രന്ഥത്തിനോ സഭയുടെ പഠനത്തിനൊ എതിരാകരുത്. അതുപോലെ തന്നെ അവ സംഭവിച്ച വ്യക്തിക്കും ആ പ്രദേശത്തെ വ്യക്തികള്‍ക്കും വിശ്വാസജീവിതത്തില്‍ എങ്ങനെ ആഴപ്പെടാന്‍ സാധിച്ചു എന്നും വിലയിരുത്തേണ്ടതുണ്ട്. പിന്നെ ഇത്തരം സംഭവങ്ങള്‍ അധാര്‍മികതയ്ക്കൊ സാമ്പത്തിക ലാഭത്തിനോ ഉപയോഗിക്കപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു.
നമ്മുടെ സമീപനം എന്തായിരിക്കണം?
സ്വകാര്യ വെളിപാടുകള്‍ കാലത്തിന്‍റെ അടയാളങ്ങളായി വ്യാഖ്യാനിക്കാം. അതുകൊണ്ട് തന്നെ സ്വകാര്യവെളിപാടില്‍ വെളിപ്പെടുന്ന കാര്യങ്ങള്‍ (ചിത്രങ്ങള്‍, ദര്‍ശനങ്ങള്‍, അരുളപ്പാടുകള്‍) എന്നിവ പ്രതീകാത്മകം മാത്രമാണ്.
ചില സ്വകാര്യവെളിപാടുകളെ സഭ അംഗീകരിച്ചാല്‍ പോലും അത് വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഓരോ വിശ്വസിക്കും ഉണ്ട്. (cf. മാര്‍ ജോര്‍ജ് ഞരളക്കാട്ട്, “ബളാല്‍ അത്ഭുതം തലശേരി അതിരൂപതാ അദ്ധ്യക്ഷന്‍റെ വിലയിരുത്തല്‍”, തലശേരി അതിരൂപതാ ബുള്ളറ്റിന്‍, ഫെബ്രുവരി 2016, p.37)
അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് അമിത പ്രധാന്യം നല്കി വിശ്വാസത്തിന്‍റെ അടിസ്ഥാനമായി കരുതാന്‍ സാധിക്കില്ല. അത് പലപ്പോഴും നമ്മെ പല അപകടത്തിലേക്കും ചൂഷണത്തിലേക്കും കൊണ്ടെത്തിച്ചേക്കാം. നമ്മുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനം ക്രിസ്തു നമുക്ക് വേണ്ടി മരിച്ച് മൂന്നാം നാള്‍ ഉയര്‍ത്ത് സ്വര്‍ഗത്തിലേക്ക് എഴുന്നള്ളി എന്നും കാലത്തിന്‍റെ പൂര്‍ണതയില്‍ അവന്‍ വീണ്ടും വരുമെന്നും ആയിരിക്കട്ടെ. നമ്മുടെ വിശ്വാസം ഏതെങ്കിലും അത്ഭുതങ്ങളോ വ്യക്തികളോ സ്ഥാപനങ്ങളോ അടിസ്ഥാനമാക്കിയാണെങ്കില്‍ അവ എന്നെങ്കിലും സത്യമല്ല എന്ന് തിരിച്ചറിയേണ്ടി വന്നാല്‍ അവിടെ തീരും നമ്മുടെ വിശ്വാസം. തീര്‍ച്ച. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കിലും വിശ്വാസത്തില്‍ സ്തിരതയോടെ നില്‍ക്കുവാന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
0 Comments
If you have any doubts feel free to comment