ജീവന്‍റെ ഉറവിടമായ വിശുദ്ധ കുര്‍ബാന





ഒരിക്കല്‍ 16 വയസ് പ്രായമുള്ള ഓരു ബെല്‍ജിയന്‍ പെണ്‍കുട്ടിക്ക് ഈശോ പ്രത്യക്ഷപ്പെട്ട് പറഞ്ഞു:


“സഭയില്‍ വി. കുര്‍ബാനയുടെ പെരുന്നാള്‍ ഇപ്പോള്‍ ഇല്ല. അത് സ്ഥാപിച്ച് കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ അത് പെസഹാ വ്യാഴാഴ്ച ആഘോഷിക്കുന്നുണ്ട്. എന്നാല്‍ അന്ന് എന്‍റെ പീഢാനുഭവവും മരണവുമാണ് കൂടുതല്‍ ചിന്താവിഷയമാക്കുന്നത്. ആഘോഷപൂര്‍വ്വം സര്‍വ്വ ക്രിസ്ത്യാനികളും അത് കൊണ്ടാടണം. അതിന് മൂന്ന് കാരണങ്ങള്‍ ഉണ്ട്. ഒന്ന്, ഈ ദിവ്യരഹസ്യങ്ങളുടെ മേലുള്ള വിശ്വാസം ശക്തിപ്പെടേണ്ടിയിരിക്കുന്നു. ഇപ്പോള്‍ അത് ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. രണ്ട്, സത്യം അറിയാന്‍ ആഗ്രഹിക്കുന്ന വിശ്വാസികളെ ഈ രഹസ്യം ശരിയായി പഠിപ്പിക്കണം. ജീവന്‍റെ ഉറവയില്‍ നിന്ന് പാനം ചെയ്ത് അവര്‍ ശക്തിപ്രാപിക്കണം. മൂന്ന് ബലിപീഠത്തിലെ മഹാകൂദാശയോട് പ്രകടിപ്പിക്കുന്ന നിന്ദകള്‍ക്കും അപമാനങ്ങള്‍ക്കും പരിഹാരം ചെയ്യാന്‍ ആത്മാര്‍ഥമായും ഈ കൂദാശയെ ആരാധിക്കേണ്ടിയിരിക്കുന്നു.”


പിന്നീട് ഈ പെണ്‍കുട്ടി ജൂലിയാന എന്ന പേരിലുള്ള ഒരു അഗസ്തീനിയന്‍ കന്യാസ്ത്രീയായി. അവളുടെ നിതാന്ത പരിശ്രമത്തിന്‍റെ ഫലമായി ഉര്‍ബന്‍ നാലാമന്‍ മാര്‍പ്പാപ്പ 1246ല്‍ ഈ തിരുന്നാള്‍ സാര്‍വത്രികസഭയില്‍ കൊണ്ടാടണമെന്ന് തീരുമാനിച്ചു.


ഈശോ തന്നെ നമ്മോട് പറയുന്നത് ഞാന്‍ ജീവന്‍റെ അപ്പമാകുന്നു എന്നാണ് (യോഹ 6:48). “ആരെങ്കിലും ഈ അപ്പത്തില്‍ നിന്ന് ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്‍റെ ശരീരമാണ്. ഇതെപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. തന്‍റെ ശരീരം ഭക്ഷണമായി തരാന്‍ ഇവന് എങ്ങനെ കഴിയും എന്ന് അവര്‍ ചോദിച്ചു” (യോഹ 6:51-52). ഈ ചോദ്യത്തിന് ഈശോ ഉത്തരം നല്‍കുന്നത് അന്ത്യത്താഴ വേളയിലാണ്. “അവര്‍ ഭക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു അപ്പമെടുത്ത് ആശീര്‍വദിച്ച് മുറിച്ച് ശിഷ്യന്‍മാര്‍ക്ക് നല്‍കികൊണ്ട് അരുളിചെയ്തു: വാങ്ങി ഭക്ഷിക്കുവിന്‍; ഇത് എന്‍റെ ശരീരമാണ്. അനന്തരം പാനപാത്രമെടുത്ത് കൃതഞ്ജ്ന്നത സ്തോത്രം ചെയ്ത് അവര്‍ക്ക് കൊടുത്തുകൊണ്ട് പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍ നിന്ന് പാനം ചെയ്യുവിന്‍. ഇത് പാപമോചനത്തിനായി അനേകര്‍ക്ക് വേണ്ടി ചിന്തപ്പെടുന്നതും ഊറ്റംപാടിയുടേതുമായ എന്‍റെ രക്തമാണ്” (മത്താ 26: 26-28). “എന്‍റെ ഓര്‍മയ്ക്കായി നിങ്ങള്‍ ഇത് ചെയ്യുവിന്‍” (ലൂക്കാ 22:19) എന്ന് ആഹ്വാനം ചെയ്തു.


അപ്പൊസ്തോലന്മാര്‍ തങ്ങള്‍ സ്വീകരിച്ചത് ഈശോയുടെ ശരീരവും രക്തവുമാണെന്ന് ഉറച്ച് വിശ്വസിച്ചു. അതാണ് ഈ ശുശ്രൂഷ വിശ്വസ്തത്താപ്പൂര്‍വ്വം അനുഷ്ഠിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. ഇത് നാം നടപടി പുസ്തകത്തില്‍ വായിക്കുന്നുണ്ട്. “അവര്‍ അപ്പൊസ്തോലന്മാരുടെ പ്രബോധനം, അപ്പം മുറിക്കല്‍, പ്രാര്‍ഥന എന്നിവയില്‍ സദാ താത്പര്യപൂര്‍വ്വം പങ്ക് ചേര്‍ന്നു” (നടപടി (2: 42).


വിശുദ്ധ പൗലോസ് ശ്ലീഹാ എപ്രകാരം വിശുദ്ധ കുര്‍ബാന സ്വീകരിക്കണം എന്ന് നമ്മെ പഠിപ്പിക്കുന്നുണ്ട്. “തന്മൂലം, ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്‍റെ അപ്പം ഭക്ഷിക്കുകയോ പാത്രത്തില്‍ നിന്ന് പാനം ചെയ്യുകയും ചെയ്താല്‍ അവന്‍ കര്‍ത്താവിന്‍റെ ശരീരത്തിനും രക്തത്തിനും എതിരെ പാപം ചെയ്യുന്നു. അതിനാല്‍ ഓരോരുത്തരും ആതമശോധന ചെയ്തതിന് ശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്ന് പാനം ചെയ്യുകയും ചെയ്യട്ടെ” (1 കോറി 11:27-28). അയോഗ്യതയോടെ യൂദാസ് അപ്പം സ്വീകരിച്ചപ്പോള്‍ എന്തു സംഭവിച്ചു വചനം നമ്മെ കാണിച്ചു തരുന്നുണ്ട്. “അവന്‍ അപ്പകഷ്ണം മുക്കി ശിമയോന്‍ സ്കറിയാത്തയുടെ മകന്‍ യൂദാസിന് കൊടുത്തു. അപ്പകഷ്ണം സ്വീകരിച്ചതിനെ തുടര്‍ന്നു സാത്താന്‍ അവനില്‍ പ്രവേശിച്ചു” (യോഹ 13: 26-27).


സഭയെ നശിപ്പിക്കാന്‍ നാരകീയ ശക്തികള്‍ ഉണര്‍ന്നപ്പോഴെല്ലാം അവര്‍ ആദ്യം ആക്രമിച്ചത് വി. കുര്‍ബാനയെയും പൗരോഹിത്യത്തെയും ആണ്. ലൂഥറും സ്വീങ്ഗ്ളിയും കാല്‍വിനും തങ്ങളുടെ ഭാവനാത്മകമായ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും കത്തോലിക്കാ പ്രബോധനങ്ങള്‍ നിഷേധിക്കുകയും ചെയ്തു. അവര്‍ക്ക് വി. കുര്‍ബാന എന്നത് അന്ത്യത്താഴത്തിന്‍റെ ഓര്‍മ്മ പുതുക്കല്‍ ചടങ്ങ് മാത്രമായിരുന്നു. അവര്‍ പൌരോഹിത്യത്തെ അപമാനിക്കുകയും ഈശോയുടെ ശരീരവും രാക്ഥ്വുമാകുന്ന ദിവ്യബലിയെ തള്ളി പറയുകയും ചെയ്തു. എന്നാല്‍ ഈസോയാല്‍ സ്ഥാപിതമായ സഭ പുത്തനുണര്‍വോടും വിശ്വാസ തീഷ്ണതയോടും ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിനാണ് കാലം സാക്ഷിയായത്.


ലൂഥറും കാല്‍വിനും സ്വീങ്ഗ്ലിയുമെല്ലാം സഭാനവീകരണമെന്ന പേരില്‍ സഭാനാശീകരണം ആരംഭിച്ചതുപോലെ നമ്മുടെ കൊച്ചു കേരളത്തില്‍ പോലും സഭാനവീകരണമെന്ന പേരില്‍ സഭാനാശീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ കാണാം. അവരും ആദ്യം ആക്രമിക്കുന്നത് വി. കുര്‍ബാനയെ തന്നെയാണ്. വി. കുര്‍ബാന അന്ത്യത്താഴത്തിന്‍റെ പുനരവിഷ്ക്കാരമാണെന്ന് പറഞ്ഞ് സഭ പഠിപ്പിക്കുന്ന പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായ പ്രബോധനങ്ങള്‍ പാടിപ്പിക്കുന്നവര്‍ ഇന്ന് ഏറിവരികയാണ്. വി. കുര്‍ബാനയില്‍ നാം അനുസ്മരിക്കുന്നത് ഈശോയുടെ അന്ത്യത്താഴം മാത്രമല്ല മറിച്ച് ഈശോയുടെ പരസ്യജീവിതവും പീഡാസഹനവും മരണവും ഉദ്ധാനവും എല്ലാം ആണ്. ഈ പ്രബോധനമല്ലാതെ ആര് വേറെ എന്ത് പ്രബോധനവും പഠിപ്പിച്ചാല്‍ അത് തെറ്റാണ് എന്ന തിരിച്ചറിവ് നമുക്ക് വളര്‍ത്തിയെടുക്കാം. ഇത്തരക്കാരെ വിവേചിച്ചറിയുവാനും വി. കുര്‍ബാനയിലുള്ള വിശ്വാസം ആഴപ്പെടുവാനും നാം സദാ തല്‍പരരാകേണ്ടിയിരിക്കുന്നു.



Please leave your comments below

Post a Comment

0 Comments