മാർപ്പാപ്പ ക്രിസ്തുവിനെ തള്ളിപ്പറഞ്ഞോ?




(🎧Scroll down to listen to the audio)

2024 സെപ്റ്റംബർ 2 മുതൽ 13 വരെ ഏഷ്യൻ രാജ്യങ്ങളായ ഇൻന്തോനേഷ്യ, പാപ്പുവാ ന്യൂ ഗിനി, തിമോർ-ലെസ്സ്റ്റെ, സിംഗപ്പൂർ എന്നിവടങ്ങൾ മാർപ്പാപ്പ സന്ദർശിക്കുകയുണ്ടായി. അദ്ധേഹം നടത്തിയ 45 വിദേശ പര്യടനങ്ങളിൽ വെച്ച് ഏറ്റവും വലിയ വിദേശ പര്യടനമായിരുന്നു ഏഷ്യയിലേത്. എന്നാൽ സിംഗപ്പൂർ സന്ദർശന വേളയിൽ നടന്ന യുവജനങ്ങളുടെ മതാന്തര സംവാദത്തിൽ വെച്ച് മാർപ്പാപ്പ ദൈവത്തിലേക്ക് പലമാർഗങ്ങൾ ഉണ്ടെന്നും മറ്റും പറഞ്ഞു എന്ന് ആരോപിക്കുന്ന് പല വീഡിയോകളും ഇന്ന് യൂട്യൂബിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ഞാൻ ആദ്യം മലയാളത്തിൽ ഒരു വീഡിയോ കണ്ടെങ്കിലും അത് കാര്യമായി എടുത്തില്ല. പിന്നീട് എനിക്ക് ഈ വീഡിയോ ആരോ അയച്ചു നൽകുകയുണ്ടായി. അതിന് ശേഷമാണ് ഇത്തരത്തിലുള്ള വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട് എന്ന് മനസിലായത്. പലരും അതിനായി ഉപയോഗിക്കുന്നത് ചില വീഡിയോ ശകലങ്ങൾ മാത്രമാണ്. അതാണ് ആദ്യം എന്നെ ആ വീഡിയോ പൂർണ്ണമായി കാണുവാൻ പ്രേരിപ്പിച്ചത്. 

യുവജനങ്ങൾക്ക് ചില ഉപദേശങ്ങൾ നൽകികൊണ്ട് ആരംഭിക്കുന്ന മാർപ്പാപ്പ പറഞ്ഞത് ഇപ്രകാരമാണ്: "എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കാര്യം മാതാന്തരസംവാദത്തോട് നിങ്ങൾ കാണിക്കുന്ന ഈ താല്പര്യം ആണ്. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. എന്റെ മതമാണ് മറ്റ് മതങ്ങളേക്കാളും നല്ലത്, എന്റെ മതം മാത്രമാണ് സത്യമെന്ന് പറഞ്ഞ് പരസ്പരം പോരടിച്ചാൽ അത് നമ്മെ എവിടെ കൊണ്ടെത്തിക്കും? എല്ലാ മതങ്ങളും നമ്മെ  ദൈവത്തിലേക്ക് നയിക്കുന്നു. എല്ലാ മതങ്ങളും നമ്മെ ദൈവത്തിലേക്ക് എത്തിക്കുന്നത് കൊണ്ട് തന്നെ ദൈവത്തിലേക്ക് എത്താൻ പല തരത്തിലുള്ള താരതമ്യങ്ങളും ഉദാഹരണങ്ങളും ഭാഷകളും നമുക്ക് കണ്ടെത്തേണ്ടതായി വരുന്നു. പക്ഷെ ദൈവം എല്ലാവരുടേതുമാണ്. ദൈവം എല്ലാവരുടേതുമാണെങ്കിൽ നാം എല്ലാവരും ദൈവത്തിന്റെ മക്കളുമാണ്. പക്ഷെ എന്റെ ദൈവമാണ് നിങ്ങളുടെ ദൈവത്തേക്കാൾ വലുത് എന്നാണോ? ദൈവം ഒന്നേയൊള്ളൂ നാം എല്ലാവരും പല രീതിയിൽ ദൈവത്തിലേക്ക് എത്തിച്ചേരാൻ ശ്രമിക്കുന്നു. ചിലർ സിക്ക്കാരായിരിക്കാം ചിലർ മുസല്മാൻ ആകാം അതുമല്ലെങ്കിൽ ഹൈന്ദവനോ ക്രിസ്ത്യാനിയോ ആകാം അതുകൊണ്ട് തന്നെ ഇവയെല്ലാം ദൈവത്തെ അന്വേഷിക്കുന്ന പല വഴികൾ ആണ്. മനസിലായോ?"

ഇത്രയും മനോഹരമായി ഏകദൈവത്തെ പ്രഘോഷിക്കാൻ മറ്റാർക്ക് സാധിക്കും. എല്ലാ മതങ്ങളെയും ആദരിക്കണമെന്നും അവരുടെ വ്യത്യസ്തതകളെ അംഗീകരിക്കണമെന്നും ഇതിനേക്കാൾ നന്നായി അവതരിപ്പിക്കുന്നത് എങ്ങനെ? നമ്മുടെ രാജ്യത്തും പശ്ചിമേഷ്യ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പലരും ആക്രമിക്കപ്പെടുന്നതും ഒത്തിരിയേറെപ്പേർക്ക് ജീവൻ നഷ്ടമാകുന്നതും എന്റെ മതമാണ് സത്യമെന്ന ചിന്തയല്ലേ? തീവ്രവാദത്തിലൂടെയും വംശഹത്യയിലൂടെയും മയക്കുമരുന്നുകൾ നൽകി ഇതരമതത്തിലെ യുവജനങ്ങളെ നശിപ്പിച്ചും ഇതരമതങ്ങളെ ഇകഴ്ത്തികൊണ്ടുള്ള കലാപ്രകടനങ്ങളിലൂടെയും രാജ്യത്തിന്റെ നിയമങ്ങൾ ഉപയോഗിച്ചും എന്തിനേറെ പറയുന്നു ഭക്ഷണത്തിൽ കൂടെ പോലും മറ്റ് മതങ്ങൾ  ഇതരമതസ്തന്റെമേൽ അടിച്ചേൽപ്പിക്കുന്ന ഈ കാലത്ത്, സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും സന്ദേശം പകർന്ന് നൽകിയ ഫ്രാൻസിസ് മാർപ്പാപ്പയെ പിശാച് എന്നും അന്തിക്രിസ്തുവെന്നും ഒക്കെ വിളിച്ച് അധിക്ഷേപിക്കുന്നവർ തീർച്ചയായും വികലമായ മനസിന് ഉടമകാളാണെന്ന് പറയാതെ വയ്യ.

പരിശുദ്ധ പിതാവ് പറഞ്ഞത് ബിബ്ലിക്കൽ ആയും സഭയുടെ പ്രഭോധനങ്ങളായും ചേർന്ന് നിൽക്കുന്നവ തന്നെയാണ്. ഒന്നാമതായി പരിശുദ്ധ പിതാവ് പറഞ്ഞത് ദൈവം ഒന്നേയൊള്ളൂ  എന്നാണ് അല്ലാതെ പല ദൈവങ്ങൾ ഉണ്ട് എന്നല്ല. രണ്ടാമതായി പരിശുദ്ധ പിതാവിനെ  നിരാകരിക്കുന്നവർ നിരാകരിക്കുന്നത് ക്രിസ്തു മരിച്ചത് മനുഷ്യകുലത്തിന് മുഴുവനും വേണ്ടിയാണ് എന്ന വസ്തുതയാണ്. കാരണം ആരുടെ മകനായി അല്ലെങ്കിൽ മകളായി ജനിക്കണം എന്ന് തീരുമാനിച്ചത് ഞാൻ അല്ല. അതുകൊണ്ട് തന്നെ ക്രിസ്ത്യാനി ആയി ജനിക്കാത്തത് എന്റെ കുറ്റവും അല്ല. 

മതങ്ങളുടെ ഉൽഭവം എന്താണ് എന്ന് പരിശോധിക്കുമ്പോൾ മനുഷ്യന്റെ ഉള്ളിൽ, തന്നെ സൃഷ്ടിച്ച ദൈവത്തെ അന്വേഷിക്കാനുള്ള ചോധന കുടികൊള്ളുന്നു എന്ന് മനസിലാക്കാൻ സാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യർ ദൈവത്തെ മനസിലാക്കിയത് പലവിധത്തിലാണ്. അതുകൊണ്ട് തന്നെ പല മതങ്ങൾ രൂപപ്പെട്ടു. എന്നാൽ എല്ലാ മതങ്ങളുടെയും ധാർമ്മിക ജീവിതം പരിശോധിച്ചാൽ പത്ത് ദൈവകൽപ്പനകളിൽ നാല് മുതൽ പത്ത് വരെയുള്ളവ പാലിക്കപ്പെടുന്നുണ്ട് എന്ന് മനസിലാക്കാൻ സാധിക്കും. അതുകൊണ്ട് തന്നെയാണ് രണ്ടാം വത്തിക്കാൻ സൂനഹദോസ് എല്ലാ മതത്തിലും സത്യത്തിന്റെ കിരണം ഉണ്ട് എന്നും എന്നാൽ സത്യത്തിന്റെ പൂർണ്ണത കത്തോലിക്കാ സഭയിലാണ് എന്നും പഠിപ്പിക്കുന്നത്. വി. യോഹന്നാന്റെ സുവിശേഷം ഈശോയെ വിശേഷിപ്പിക്കുന്നത് സത്യം എന്ന വാക്ക് കൊണ്ടാണ്. അതുകൊണ്ട് സത്യത്തിന്റെ പൂർണ്ണത എന്നാൽ ക്രിസ്തുവിന്റെ പൂർണ്ണത എന്നാണ്.

പരിശുദ്ധ പിതാവ് ഇതര മതസ്തരെ ദൈവത്തിന്റെ മക്കളെന്നും രക്ഷയ്ക്ക് യോഗ്യരെന്നും വിശേഷിപ്പിക്കുമ്പോൾ അത് ഒരു കത്തോലിക്കനെ സംബന്ദിച്ചിടത്തോളം അഭിമാനകരമാണ്. ചില വിഭാങ്ങൾ, ക്രൈസ്തവരുടെ ഇടയിൽ പോലും, ഇതര മതസ്തർക്കെതിരെ വാളെടുക്കാൻ പഠിപ്പിക്കുമ്പോൾ അവരെ സഹോദരരായി കാണാൻ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ആഹ്വാനം ചെയ്യുന്നത് തികച്ചും അനുകരണീയമാണ്.

ഇത്തരം വികലമായ ആരോപണങ്ങൾ പടച്ച് വിടുന്ന സഹോദരങ്ങളോട് ചില സംശയങ്ങൾ ചോദിക്കാൻ ഉണ്ട്. വിശ്വാസത്തിന്റെ പിതാവായ അബ്രാഹവും, പൂർവ്വപിതാക്കന്മാരും, മോശയും പ്രവാചകന്മാരും ക്രിസ്ത്യാനികൾ ആയിരുന്നില്ലല്ലോ! അപ്പോൾ അവർ നരഗത്തിൽ ആണോ? ക്രിസ്തു പത്രോസാകുന്ന പാറമേൽ ആണ് തന്റെ സഭ സ്ഥാപിച്ചത്. പത്രോസാണ് സഭയുടെ തലവൻ. പത്രോസിന്റെ പിൻഗാമിയാണ് മാർപ്പാപ്പ. അപ്പോൾ പത്രോസിന്റെ സഭയാണ് ക്രിസ്തുവിന്റെ സഭ. ഈ സഭയാണ് കത്തോലിക്കാ സഭ. ഇത് ക്രിസ്തുവിന്റെ മൗതീക ശരീരമാണ്. അപ്പോൾ കത്തോലിക്കാ സഭയെ അവഹേളിക്കുന്നവർ ക്രിസ്തുവിനെ അല്ലേ അവഹേളിക്കുന്നത്? സഭയെ അംഗീകരിക്കാതെ സ്വന്തം ഇഷ്ടമനുസരിച്ച് ജീവിക്കുന്നവൻ അംഗീകരിക്കാത്തത് ക്രിസ്തുവിനെ തന്നെ അല്ലേ? അങ്ങനെയെങ്കിൽ ഇവർക്കും സ്വർഗ്ഗത്തിൽ എത്താൻ സാധിക്കുമോ? സ്വയം വിലയിരുത്തട്ടെ...  




Click this icon for more articles: 🏠 

Post a Comment

0 Comments