കുമ്പസാരിക്കാൻ ഇനി മുതൽ ഒരു വൈദീകനെ തേടി പോകേണ്ട ഇനി എല്ലാം AI നോക്കികൊള്ളും എന്ന പേരിൽ ഒരു പ്രചരണം നടക്കുന്നുണ്ടല്ലോ! എന്താണ് ഇതിന്റെ വാസ്തവം? സ്വിറ്റ്സർലന്റിലെ ലൂസേൺ ഇടവക ദേവാലയത്തിലാണ് ഈശോയുടെ ഒരു AI കലാരൂപം പരീക്ഷണാർത്ഥം സ്ഥാപിച്ചിട്ടുള്ളത്. ലൂസേൺ ഇടവക ദേവാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമായി പറയുന്നത് ഇങ്ങനെയാണ്: "സന്ദർശകർ അവരുടെ ചിന്തകളും ചോദ്യങ്ങളും ഒരു സ്വർഗ്ഗീയ ഹോളോഗ്രാം ഉള്ള ഒരു കുമ്പസാരകൂട്ടിൽ പങ്കുവെക്കുന്നു, അവിടെ വാക്കുകൾ നാല് ചെവികൾക്കായി മാത്രം ഉദ്ദേശിച്ചുള്ളതാണ് - എന്നാൽ അത് കുമ്പസാരം അല്ല."
Deus in machina (യന്ത്രത്തിൽ ദൈവം) എന്ന പേരിലുള്ള ഈ AI കലാരൂപം പരീക്ഷണാർത്ഥം സ്ഥാപിച്ചിരിക്കുന്നത് Lucern University of Applied Science and Arts ലെ Immersive Realities Research Labന്റെ നേതൃത്വത്തിലാണ്. ഇതിന് നേതൃത്വം കൊടുത്തിരിക്കുന്നത് Prof. Christian Preidel and Prof. Aljosa Smolic എന്നിവരാണ്. ഇതിന്റെ ഉദ്ദേശ്യം വിശ്വാസ തലത്തിൽ സാങ്കേതിക വിദ്യയുടെ പരിമിതികൾ എന്താണ് എന്ന് മനസിലാക്കുക എന്നതാണ് എന്ന് വ്യക്തമായി വെബ്സൈറ്റിൽ തന്നെ പറയുന്നുണ്ട്. അല്ലാതെ കുമ്പസാരിപ്പിക്കുക എന്നല്ല.
മാധ്യമങ്ങളിലൂടെയുള്ള കൂദാശ സ്വീകരണം സാധ്യമോ? കത്തോലിക്കാ സഭയുടെ പ്രഭോധനം എന്ത്?
കത്തോലിക്കാ സഭ പരമ്പരാഗതമായി പഠിപ്പിക്കുന്നതനുസരിച്ച്, കൂദാശകൾക്ക് വ്യക്തിപരമായ, ശാരീരിക സാന്നിധ്യം ആവശ്യമാണ്, കൂടാതെ ടെലിവിഷൻ, റേഡിയോ, അല്ലെങ്കിൽ ഇൻറർനെറ്റ് പോലുള്ള മാധ്യമങ്ങളിലൂടെ പൂർണ്ണമായും അനുഭവപ്പെടുകയോ സ്വീകരിക്കുകയോ സാധ്യവുമല്ല. കൂദാശകൾ ആത്മീയവും ശാരീരികവും ആയ യാഥാർഥ്യങ്ങൾ ആയതിനാൽ, പുരോഹിതനും വിശ്വാസ സമൂഹവുമായുള്ള നേരിട്ടുള്ള ഇടപെടൽ അനിവാര്യമാണ്.
വി. കുർബാന: ശാരീരികമായി സാന്നിധ്യം ഉറപ്പാക്കാതെ വി. കുർബാന മാധ്യമങ്ങളിലൂടെ പങ്കെടുക്കുന്നത് പൂർണ്ണമല്ലെന്ന് സഭ പഠിപ്പിക്കുന്നു. ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന ബലിയർപ്പണത്തിൽ ആത്മീയ പങ്കാളിത്തം (Spiritual Communion) സാധ്യമെങ്കിലും, ഇത് സാക്ഷാൽ വി. കുർബാന സ്വീകരണത്തിന് പകരമാവില്ല.
കുമ്പസാരം: കുമ്പസാരമെന്ന കൂദാശയിൽ അനുതാപിക്കും പുരോഹിതനുമിടയിൽ നേരിട്ടുള്ള സാന്നിധ്യം ആവശ്യമാണ്. ടെലിഫോണിലൂടെയോ ഡിജിറ്റൽ മാർഗങ്ങളിലൂടെയോ ഇതിന് സാധുതയില്ല, കാരണം ഈ കൂദാശ വ്യക്തിപരമായ ഇടപെടൽ ആവശ്യപ്പെടുന്നു.
രോഗീലേപനം: ഇതിലും ശാരീരിക സാന്നിധ്യം നിർബന്ധമാണ്, കാരണം പുരോഹിതൻ രോഗിയ്ക്ക് കൈവയ്ക്കുകയും വിശുദ്ധ തൈലം ഉപയോഗിച്ച് അഭിഷേകം നടത്തുകയും ചെയ്യുന്നു.
ഈ മൂന്ന് കൂദാശകളിൽ മാത്രമല്ല മറ്റേത് കൂദാശയുടെയും മാധ്യമങ്ങളിലൂടെയുള്ള സ്വീകരണം അസാധുവാണ് എന്ന് സഭ പഠിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഒരു കൂദാശ സാധുവാകണമെങ്കിൽ വൈദീകന്റെയും അർത്ഥിയുടെയും ശാരീരിക സാനിധ്യം അനിവാര്യമാണ്.
അങ്ങനെയെങ്കിൽ സ്വാഭാവികമായും നമുക്ക് ഉണ്ടാകാവുന്ന മറ്റൊരു സംശയമാണ് കൊവിഡ് 19 ന്റെ സമയത്ത് നാം മാധ്യമങ്ങൾ വഴി കുർബാന കണ്ടതോ എന്നത്… ഇത്തരത്തിലുള്ള അസാധാരണ സാഹചര്യങ്ങളിൽ, സഭ ലൈവ് സ്ട്രീം ചെയ്ത ബലിയർപ്പണങ്ങൾ അനുവദിക്കുകയും ചില പരിമിത സാഹചര്യങ്ങളിൽ പൊതുപാപമോചനവും അനുവദിക്കുകയും ചെയ്തു. എങ്കിലും, ഇത് കൂദാശകളുടെ തത്വശാസ്ത്രത്തിൽ ഒരു മാറ്റമല്ല, മറിച്ച് വിശ്വാസികളുടെ ആത്മീയ പോഷണത്തിനായി സഭ സ്വീകരിച്ച താൽകാലിക മാർഗ്ഗം മാത്രമായിരുന്നു.
ശാരീരികമായി പങ്കാളികളാകാൻ സാധിക്കാത്തവർക്കായി (ഉദാഹരണം: രോഗികൾ, പ്രായമായവർ, ദൂര പ്രദേശങ്ങളിലുള്ളവർ), ദിവ്യബലിയിൽ പങ്കാളികളാകുവാനും ആത്മീയ പോഷണം നേടുന്നതിനും മാധ്യമങ്ങൾ ഉപയോഗിക്കുവാൻ സഭ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ സാധാരണ സാഹചര്യങ്ങളിൽ ഇത് ഞായറാഴ്ച്ച കടം നിറവേറ്റുകയില്ല എന്നും മനസിലാക്കാം.
കൂദാശകളും മറ്റ് പ്രാർത്ഥനകളും
കൂദാശകൾ അല്ലാത്ത അനുഗ്രഹങ്ങൾ, പ്രാർത്ഥനകൾ, ഭക്താനുഷ്ഠാനങ്ങൾ എന്നിവയിൽ ശാരീരിക സാന്നിധ്യം ആവശ്യമില്ലാത്തതിനാൽ, മാധ്യമങ്ങൾ വഴി പങ്കെടുക്കാവുന്നതാണ്. ഉദാഹരണത്തിന്, റേഡിയോ വഴിയോ ടെലിവിഷനിലൂടെ മാർപാപ്പയുടെ അനുഗ്രഹം ലഭിക്കുന്നത് സാധുവാണ്.
സംഗ്രഹം
മാധ്യമങ്ങൾ പ്രാർത്ഥന, മതപഠനം, ആത്മീയ വളർച്ച എന്നിവയെ പ്രോത്സാഹിപ്പിക്കുന്നുവെങ്കിലും, കൂദാശകൾക്കായി ആവശ്യമായ ശാരീരിക സാന്നിധ്യം കത്തോലിക്കാ സഭയിൽ തത്വശാസ്ത്രപരവും അജപാലനവുമായ ഒരു നിയമമാണ്.
Click this icon for more articles: 🏠

0 Comments
If you have any doubts feel free to comment