കാനോൻ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനാ വിരുദ്ധമോ?



Contents:

  1. എന്താണ് കാനോൻ നിയമങ്ങൾ?
  2. കാനോൻ നിയമങ്ങൾ കാലഹരണപ്പെട്ടുവോ?
  3. കാനോൻ നിയമങ്ങൾ റോമിന്റെ ഭരണഘടനയോ?
  4. കാനോൻ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയ്ക്ക് ഭീഷണിയോ?
  5. ഇത്തരം പ്രചരണങ്ങളുടെ ഉദ്ദേശം എന്ത്?


കുറച്ച് വർഷങ്ങളായി സഭാ വിരോധികളായ സഹോദരങ്ങൾ സഭാവിശ്വാസികളായ

അല്മായ സഹോദരങ്ങളെ തെറ്റിധരിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടെ പ്രചരിപ്പിച്ചിരുന്ന

രണ്ട് കാര്യങ്ങളായിരുന്നു കാനോൻ നിയമങ്ങൾ റോമിന്റെ ഭരണഘടനായണെന്നും

കത്തോലിക്കാ സഭ പിന്തുടരുന്നത് റോമിന്റെ ഭരണഘടനയാണെന്നും അതുപോലെ

കത്തോലിക്കാ സഭയുടെ കാനോൻ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയ്ക്ക്

ഭീഷണിയാണെന്നും അതുകൊണ്ട് തന്നെ അവ ഇന്ത്യയിൽ നിന്ന് നിരോധിക്കണമെന്നും

എന്നുള്ള വാദങ്ങൾ. 


ഇത്രയും നാൾ ഇങ്ങനെ വാദിച്ചിരുന്നത് സഭാവിരോധികൾ ആയിരുന്നെങ്കിൽ ഇന്ന് കുറച്ച് വർഷങ്ങളായി സഭയോട് ഭിന്നിച്ച് നിൽക്കുന്ന ഒരുകൂട്ടം വൈദീകർ സഭാനിയമം അനുസരിച്ചുള്ള ശിക്ഷാനടപടികൾ ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് അവയെ തടയിടാൻ കൗശലപൂർവ്വം ഒരുക്കുന്ന തന്ത്രമാണ് ഇവയെന്ന് നാം തിരിച്ചറിയണം. 

സന്തോഷപൂർവ്വം ക്രിസ്തുമസ് പോലും ആഘോഷിക്കാൻ സാധിക്കാത്ത ഈ ഒരു സാഹചര്യത്തിൽ ഇത്തരം കുടിലബുദ്ധിക്കാരുടെ പിന്നാലെ പോയാൽ ക്രൈസ്തവർക്ക് നാളെ ഇവിടെ ജീവിക്കാൻ സാധിക്കാത്ത അവസ്ഥ സംജാതമാകും എന്ന കാര്യം ഉറപ്പാണ്. സ്വന്തം സ്വാർത്ഥകാര്യം മാത്രം സാധിക്കാൻ ആയി ഇത്തരക്കാർ നടത്തുന്ന പ്രചരണങ്ങൾ വഴി ബലികൊടുക്കുന്നത് സാധാരണക്കാരയ വിസ്വാസികളുടെ ജീവിതമാണ് എന്ന് കൂടെ നാം മനസിലാക്കണം.

എന്താണ് കാനോൻ നിയമങ്ങൾ?

കത്തോലിക്കാ സഭയുടെ വിശ്വാസവും ആരാധനാനുഷ്ഠാനങ്ങളും വിശ്വാസികളുടെ അവകാശങ്ങളും കടമകളും സഭയിലെ ശിക്ഷണ നടപടികളും ഉൽകൊള്ളുന്ന നിയമസംഹിതകളാണ് കാനോൻ നിയമങ്ങൾ. ഇവയുടെ പ്രധാന ഉദ്ദേശം ആത്മാക്കളുടെ രക്ഷയാണ്.

കാനോൻ നിയമങ്ങൾ കാലഹരണപ്പെട്ടുവോ?

ഒരിക്കലുമില്ല. ഇവർ വാദിക്കുന്ന പ്രധാന കാര്യം കാനോൻ നിയമങ്ങൾ സഭയുടെ ആരംഭം മുതൽ ഉണ്ടായിരുന്ന നിയമങ്ങൾ ആണ് ഇവയെന്നും അവ ഒരിക്കലും പുനഃപരിശോധിച്ചിട്ടില്ല എന്നും ഒക്കെയാണ്.

കാനോൻ നിയമം, പ്രഥമമായും, സഭയുടെ പൗരാണിക ആചാരങ്ങളിലും, മതവിശ്വാസങ്ങളിലും നിലനിന്നിരുന്നു. എന്നാൽ, കത്തോലിക്കാ സഭയിലെ കാനോൻ നിയമം ഔദ്യോഗികമായി രൂപപ്പെട്ടത് 12-ാം നൂറ്റാണ്ടിൽ ആണ്. ഗ്രിഗോറി IXമൻ മാർപ്പാപ്പ 1234-ൽ "Decretals of Gregory IX" എന്ന പുസ്തകം പ്രസിദ്ധീകരിക്കുകയും, ഇത് കാനോൻ നിയമത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കരുതപ്പെടുകയും ചെയ്യുന്നു.

പിന്നീട്, 1917-ൽ ബെനഡിക്റ്റ് XVമൻ മാർപ്പാപ്പയുടെ നേതൃത്വത്തിൽ, Codex Iuris Canonici (CIC) എന്ന കാനോൻ നിയമകോഡിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങി, ഇത് കത്തോലിക്കാ സഭയുടെ നിയമങ്ങളുടെ ഒരു സമഗ്രമായ അടിസ്ഥാനം ആയിരുന്നു. പിന്നീട്, 1983-ൽ പാപ്പ് ജോൺ പാൾ II-ന്റെ നേതൃത്വത്തിൽ ഇത് വീണ്ടും പരിഷ്‌ക്കരിക്കപ്പെട്ടു. 

കാനോൻ നിയമങ്ങൾ റോമിന്റെ ഭരണഘടനയോ?

റോം എന്ന രാഷ്ട്രത്തിന്റെ ഭരണഘടന അറിയപ്പെടുന്നത് Constitution of the Roman Republic എന്നാണ്. കത്തോലിക്കാ സഭയിൽ രണ്ട് കാനോൻ നിയമങ്ങൾ ഉണ്ട്. അതുകൊണ്ടാണ് കാനോൻ നിയമങ്ങൾ എന്ന് പറയുന്നത്. 

  1. പാശ്ചാത്യ (ലത്തീൻ) സഭയക്ക് വേണ്ടിയുള്ള കാനോൻ നിയമം (CIC)

  2. പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള കാനോൻ നിയമം (CCEO)

ഇവയിൽ വ്യക്തമായി പറയുന്ന കാര്യം ഇത് "സഭകൾക്ക്" വേണ്ടിയുള്ള നിയമസംഹിതകളാണ് എന്നാണ്. അത് റോം എന്ന രാജ്യത്തിന്റെ ഭരണഘടനയല്ല. ഒരു രാജ്യത്തിന് രണ്ട് ഭരണഘടന ഉണ്ടാവുക സാമാന്യബുദ്ധിക്ക് നിരക്കാത്തതാണല്ലോ!

ഇന്ത്യയിൽ കത്തോലിക്കാ സഭയിലെ മൂന്ന് സ്വയാധികാര സഭകൾ ആണ് ഉള്ളത്.

  1. ലത്തീൻ സഭ

  2. സീറോ മലബാർ സഭ

  3. സീറോ മലങ്കര സഭ

ലത്തീൻ സഭ പാശ്ചാത്യ സഭയായതുകൊണ്ട് പാശ്ചാത്യ (ലത്തീൻ) സഭയക്ക് വേണ്ടിയുള്ള കാനോൻ നിയമം (CIC) അനുസരിച്ചാണ് മുന്നോട്ട് പോകുന്നത്. സീറോ മലബാർ സഭയും സീറോ മലങ്കര സഭയും പൗരസ്ത്യ സഭകള ആയതുകൊണ്ട് പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള കാനോൻ നിയമം (CCEO) അനുസരിച്ചാണ് മുന്നോട്ട് പോകുന്നത്.

ഇതിൽ നിന്ന് തന്നെ വ്യക്തമാണല്ലോ കാനോൻ നിയമങ്ങൾ ഒരു രാഷ്ട്രത്തിന്റെ നിയമ സംഹിതയല്ല എന്ന്.

കാനോൻ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയ്ക്ക് ഭീഷണിയോ?

കാനോൻ നിയമങ്ങളുടെ ഉദ്ദേശം ആത്മാക്കളുടെ രക്ഷയാണ്. കാനോൻ നിയമങ്ങൾ ഓരോ രാജ്യത്തിന്റെയും നിയമങ്ങളെ ബഹുമാനിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത്. കാനോൻ നിയമങ്ങൾ ഒരുതരത്തിലും ഇന്ന് വരെ ഒരു രാജ്യത്തിന്റെയും നിയമങ്ങൾക്ക് വെല്ലുവിളിയായ ചരിത്രവുമില്ല. ഉദാഹരണ സഹിതം വ്യക്തമാക്കാം.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ ഒരു കത്തോലിക്കാ വൈദീകൻ പോക്സോ കേസിൽ പ്രതിയാവുകയുണ്ടായി. ഉടനടി അദ്ദേഹത്തിന്റെ രൂപത അദ്ദേഹത്തെ സസ്പ്പെന്റ് ചെയ്തു. പിന്നീട് രാജ്യത്തിന്റെ നിയമനടപടികൾ ആരംഭിച്ചപ്പോൾ സഭ അവ തീർപ്പ് കൽപ്പിക്കാൻ കാത്തുനിൽക്കുകയും കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിച്ചപ്പോൾ അദ്ദേഹത്തെ ഡിസ്മിസ് ചെയ്യുകയും ഉണ്ടായി. അതുപോലെ തന്നെ പിന്നീട് മലയാളിയായ ഒരു മെത്രാൻ തന്റെ രൂപതയിൽപ്പെട്ട ഒരു കന്യാസ്ത്രീയെ നിരവധി തവണ ബലാത്സംഗം ചെയ്തു എന്ന് ആരോപണം ഉണ്ടായപ്പോൾ അപ്പോൾ തന്നെ അന്വേഷണ വിധേയമായി അദ്ദേഹത്തെ സസ്പ്പെന്റ് ചെയ്യുകയും കുറ്റക്കാരനല്ല എന്ന് കോടതി വിധിച്ചപ്പോൾ അതിനെ അംഗീകരിക്കുകയും ചെയ്യുകയുണ്ടായി. 

സഭ എപ്പോഴും പ്രവർത്തിക്കുന്നത് രാജ്യത്തിന്റെ  നിയമങ്ങളെ ബഹുമാനിച്ചുകൊണ്ടാണ്. ആദ്യത്തെ സംഭവത്തിൽ സഭ തീരുമാനമെടുത്തത് രാജ്യത്തിന്റെ നിയമത്തിനനുസൃതമായാണ്. അതുപോലെ തന്നെ രണ്ടാമത്തതും. 

അതുപോലെ തന്നെയാണ് കത്തോലിക്കാ സഭയുടെ ഒരു സ്ഥാപനങ്ങളിൽ നിന്ന് പോലും ഒരു നികുതി വെട്ടിപ്പും കണ്ടെത്താത്തതും. കാരണം, ഓരോ സ്ഥാപനവും രാജ്യത്തിന്റെ നിയമങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തിക്കുന്നത്. എന്നാൽ നമ്മുടെ രാജ്യത്ത് സ്വകാര്യ വ്യക്തികളോ സംഘടനകളോ നടത്തുന്ന സമാന സ്ഥാപനങ്ങളിൽ നിന്നാണ് പലതരത്തിലുള്ള നികുതിവെട്ടിപ്പും അഴിമതിയും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിന്റെ പ്രധാന കാരണം കത്തോലിക്കാ സഭയ്ക്ക് ഇവ സാമൂഹിക സേവനമാണെങ്കിൽ മറ്റുള്ളവർക്ക് ഇവ വെറും കച്ചവടം മാത്രമായതുകൊണ്ടാണ്.

ഇത്തരം പ്രചരണങ്ങളുടെ ഉദ്ദേശം എന്ത്?

കത്തോലിക്കാ സഭ നടത്തുന്ന സ്ഥാപനങ്ങളുടെ സേവനം എത്ര ഉത്കൃഷ്ടമാണെന്ന് മനസിലാക്കാണമെങ്കിൽ സഭയുടെ സ്ഥാപനം എന്ന് തോന്നുന്ന വിധത്തിൽ സ്വകാര്യ വ്യക്തികളും സംഘടനകളും (ഇതര മതസ്തർ പോലും) ക്രൈസ്തവ നാമധേയത്തിൽ സ്ഥാപനങ്ങൾ ആരംഭിക്കുന്നു എന്നതാണ്. ഇത്തരക്കാർക്ക് ഒരേയൊരു ഉദ്ദേശമേയൊള്ളൂ എങ്ങനെയും ലാഭം ഉണ്ടാക്കുക. അതുകൊണ്ട് തന്നെ കത്തോലിക്കാ സ്ഥാപനങ്ങളെ ഇല്ലാതാക്കുക എന്നത് ഇവരുടെ ആവശ്യവുമാണ് അതിനാലാണ് ഇവർ ഇത്രയും ഹീനമായ പ്രചരണങ്ങളിൽ ഏർപ്പെടുന്നത്.

എന്നാൽ അതിലും ഹീനമായ കാര്യമാണ് കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി കത്തോലിക്കാ സഭയുടെ ആരാധനാ പാരമ്പര്യങ്ങളോട് വിശ്വസ്തതയില്ലാതെയും സഭാധികാരികളോട് വിധേയത്വം ഇല്ലാതെയും വർത്തിക്കുന്ന ചില വൈദീകർ കത്തോലിക്കാ സഭയുടെ നിയമങ്ങൾ ഞങ്ങൾ അനുസരിക്കുകയില്ലന്നും ഞങ്ങൾക്ക് വിശ്വാസം ഇന്ത്യൻ ഭരണഘടനായാണെന്നും വീമ്പ് പറയുന്നത്. ഇത്തരക്കാരുടെ പ്രധാന ഉദ്ദേശം സഭാനിയമമനുസരിച്ച് തങ്ങൾക്ക് നേരിടേണ്ടി വരാവുന്ന നടപടികളിൽ നിന്ന് സഭാധികാരികളെ സമ്മർദ്ധത്തിലാക്കി രക്ഷപ്പെടുക എന്ന തന്ത്രം മാത്രമാണ്. 

പക്ഷെ ഇത്തരം പ്രചരണങ്ങളിൽ നാം വീണ് പോയാൽ നമ്മെ കാത്തിരിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ്. സഭാശത്രുക്കൾക്ക് സഭയ്ക്കുള്ളിൽ വളരെ എളുപ്പത്തിൽ തന്നെ കയറിപറ്റാനുള്ള വാതിൽ നാം തന്നെ തുറന്ന് കൊടുക്കുകയാണ്. അത് നമ്മുടെ വിശ്വാസജീവിതത്തിനും സഭയുടെ പ്രേഷിത പ്രവർത്തനത്തിനും ഭീഷണിയാവുകയും ചെയ്യും എന്നതിൽ സംശയമില്ല.




Post a Comment

0 Comments