കുട്ടികുറുമ്പുകൾക്ക് ഗൗരവമേറുമ്പോൾ Part- 2



ഒന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക: Part-1

Contents:

4. മാതാപിതാക്കൾ ചെയ്യേണ്ടത്

5. സർക്കാർ ചെയ്യേണ്ടത്

 5.1 കുട്ടി ക്രിമിനലുകൾക്കും കർശന ശിക്ഷാനിയമം

 5.2 16 വയസു വരെ കുട്ടികൾ സ്മാർട്ട് ഫോൺ ഉപയോഗം നിരോധിക്കുക

5.3 സ്കൂൾ പരിസരത്ത് ലഹരിവസ്തുക്കളുടെ ഉപയോഗത്തിന് കർശന നിയന്ത്രണവും വിൽക്കുന്നവർക്ക് കഠിന ശിക്ഷാനിയമവും.

   5.4 ടീച്ചർമാർക്ക് വടി തിരിച്ച് നൽകുക

 4. മാതാപിതാക്കൾ ചെയ്യേണ്ടത്

കുട്ടികളെ സ്കൂളുകളിലേക്ക് പറഞ്ഞയച്ചാൽ തങ്ങളുടെ ഉത്തരവാദിത്വം അവസാനിച്ചു എന്നും കുട്ടികൾ തെറ്റ് ചെയ്താൽ അത് അദ്ധ്യാപകരുടെ പിഴവാണ് എന്ന് കരുതുന്ന മാതാപിതാക്കളാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്. കാരണം കുട്ടികൾക്ക് ഭക്ഷണവും വസ്ത്രവും പാർപ്പിടവും നൽകുന്നതും അവരുടെ ജീവിത ചിലവ് വഹിക്കുന്നതും മാതാപിതാക്കൾ തന്നെയാണ്. അതുകൊണ്ട് തന്നെ കൂടുതൽ ഉത്തരവാദിത്വം മാതാപിതാക്കൾക്ക് തന്നെയാണ് എന്നതിൽ സംശയമില്ല.

  1. കുട്ടികൾക്ക് പ്രൈവറ്റ് സ്പേസ് കുറയ്ക്കുക: ഇന്ന് കുട്ടികൾക്ക് സ്വന്തമായി ഉള്ള മുറിയും സ്വന്തമായി സ്മാർട്ട്ഫോണും എത്ര വലിയ തെറ്റും മറച്ച് വെക്കാനുള്ള സൗകര്യമായി മാറുന്നു. കുട്ടികൾ ആരുമായി സംസാരിക്കുന്നു എന്നും അവരുടെ സുഹൃത്തുകൾ ആരൊക്കെ എന്നും മാതാപിതാക്കൾ അറിഞ്ഞിരിക്കണം. ഗൗരവമേറിയ മറ്റൊരു കാര്യം അവർ രാത്രിയിൽ ഉറങ്ങുന്നുണ്ട് എന്ന് മാതാപിതാക്കൾ ഉറപ്പ്  വരുത്തേണ്ടതുണ്ട്. ഇതിന്റെ മറ്റ് കാരണങ്ങൾ തുടർന്നുള്ള ഭാഗത്ത് പറഞ്ഞിട്ടുണ്ട്.

  2. മൊബൈൽ ഫോണിന്റെ നിയന്ത്രണം: കുട്ടികളെ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവദിക്കുന്നത് പലതരത്തിലുള്ള സ്വഭാവ വൈകല്യങ്ങൾക്കും കാരണമാകുന്നുണ്ട്. ഇത് കുട്ടികളുടെ ഏകാഗ്രത നഷ്ടപ്പെടുത്തുകയും പഠനവൈകല്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെയാണ് രാത്രിയിൽ വൈകിയുള്ള ഫോണിന്റെ ഉപയോഗം. രാത്രി വളരെ വൈകിയും ഫോൺ ഉപയോഗിക്കുന്നത് വഴി കുട്ടികൾക്ക് ഉറക്കം നഷ്ടപ്പെടുകയും. ഇത് പിന്നീട് ജീവിതത്തിൽ ഒരു ലക്ഷ്യമില്ലാത്ത അവസ്ഥ, മുൻ കോപം, ദൈവവിശ്വാസത്തിൽ നിന്നുള്ള അകൽച്ച മുതലായ പലതരത്തിലുള്ള സ്വഭാവവൈകല്യങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

തെറ്റായ ബന്ധങ്ങളിൽ അകപ്പെടുന്നതും ഏറെ ഗൗരവകരമായ കാര്യമാണ്. താനൂരിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികൾ തന്നെ ഉദാഹരണം. ഏറ്റവും കുറഞ്ഞത് 16 വയസ്സുവരെ കുട്ടികൾക്ക് സ്മാർട്ട് ഫോൺ സ്വന്തമായി വാങ്ങി നൽകാതിരിക്കുക. ആവശ്യമെങ്കിൽ സാദാ ഫോൺ മാത്രം വാങ്ങി നൽകുക. അല്ലെങ്കിൽ അവർ മാതാപിതാക്കളുടെ ഫോൺ ഉപയോഗിക്കട്ടെ.

  1. മാതാപിതാക്കളും അധ്യാപകരും തമ്മിലുള്ള സഹകരണം: പട്ടം സെ. മേരീസ് സ്കൂളിലെ പ്രിൻസിപ്പൽ അച്ചന്റെ വാക്കുകൾ ശ്രവിക്കുമ്പോൾ മനസിലാവുക ഒരു വിദ്ധ്യാർത്ഥി തന്റെ അദ്ധ്യാപികയെ ആക്രമിക്കാൻ ശ്രമിക്കുക പോലും ചെയ്തതിന്റെ പിന്നിൽ ആ കുട്ടിക്ക് തന്റെ തെറ്റ് തുടരാൻ മാതാപിതാക്കൾ നൽകുന്ന പിന്തുണയും പ്രോത്സാഹനവും ആണ്. ആ കുട്ടിക്ക് ബാലാവകാശ നിയമം അനുസരിച്ച് ആ കുട്ടിയെ ശിക്ഷികാൻ പാടില്ല എന്ന് അറിയാം. ഇത് പഠിപ്പിച്ചതോ കുട്ടിയുടെ അപ്പനും. അതുകൊണ്ട് തന്നെ എന്തും ആകാം എന്ന ചിന്തയാണ് ഈ കുട്ടിയെ നയിക്കുന്നത്. ഇതിന് പകരം ഈ മാതാപിതാക്കൾ ചെയ്യേണ്ടത് എന്തായിരുന്നു? ഈ കുട്ടിയെ അദ്ധ്യാപകരെയും മുതിർന്നവരെയും ബഹുമാനിക്കാനും അനുസരിക്കാനും പഠിപ്പിക്കണമായിരുന്നു. 


പണ്ടൊക്കെ കുട്ടികൾക്ക് അദ്ധ്യാപകന്റെ കയ്യിൽ നിന്ന് ഒരു അടി കിട്ടിയാൽ അത് വീട്ടിൽ പറയാൻ പേടിയായിരുന്നു കാരണം “നിനക്ക് അടികിട്ടിയാൽ അതിന് തക്കതായ കാരണമുണ്ടാകും” എന്ന് പറഞ്ഞ് വീട്ടിൽ നിന്നും കിട്ടുമായിരുന്നു അടി. അല്ലെങ്കിൽ ചോദിക്കും, “എന്തിനാ നിന്നെ ടീച്ചർ അടിച്ചെ?” മറുപടി പറഞ്ഞ് കഴിയുമ്പോൾ മാതപിതാക്കൾ പറയും “കണക്കായി പോയി, രണ്ടെണ്ണം കൂടുതൽ കിട്ടണമായിരുന്നു” എന്നൊക്കെ.  അതുകൊണ്ട് തന്നെ വീട്ടിൽ നിന്ന് ഒരു പിന്തുണയും ലഭിക്കില്ല എന്ന ഉറപ്പുള്ളതുകൊണ്ട് നന്നായി ജീവിക്കാൻ കുട്ടികൾ ശ്രമിക്കുമായിരുന്നു. 


അതുപോലെ തന്നെ കുട്ടികൾക്ക് ഏറ്റവും ഭയമുള്ള കാര്യമായിരുന്നു ടീച്ചർമാർ മാതാപിതാക്കന്മാരെ സ്കൂളിലേക്ക് വിളിക്കുക എന്നത്. കാരണം സ്കൂളിലേക്ക് വിളിച്ചാൽ അന്ന് വീട്ടിൽ ചെല്ലുമ്പോൾ അടിയുറപ്പാണ്. അതുകൊണ്ട് തന്നെ ഒന്നുകിൽ നന്നായി നടക്കും. അഥവാ പറഞ്ഞാൽ താൻ തെറ്റ് ഇനി ആവർത്തിക്കില്ല എന്ന് പറഞ്ഞ് മാപ്പിരക്കും. 


എന്നാൽ ഇന്ന് ടീച്ചർമാർക്ക് മാതാപിതാക്കന്മാരെ വിളിക്കാൻ ഭയമാണ്. കാരണം പല മാതാപിതാക്കന്മാരും “എന്റെ കുട്ടി അങ്ങനെ ചെയ്യില്ല” എന്ന് പറഞ്ഞ് അവരെ ന്യായീകരിക്കാനും ടീച്ചർമാരെ ഭീഷണിപ്പെടുത്താനും ആണ് ശ്രമിക്കുക. പട്ടത്ത് സംഭവിച്ചതും ഇതാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. ടീച്ചറിനെ ആക്രമിക്കാൻ ചെന്ന കുട്ടിയെ മറ്റ് കുട്ടികൾ ബെഞ്ചിൽ പിടിച്ചിരുത്തുകയായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. ഇതിനെല്ലാം ഈ കുട്ടിയെ  പ്രേരിപ്പിക്കുന്ന ഘടകം, തന്നെ ന്യായീകരിക്കാൻ തന്റെ മാതാപിതാക്കൾ ഉണ്ടെന്നും നിയമത്തിന് പോലും തന്നെ ശിക്ഷിക്കാൻ സാധിക്കില്ല എന്ന ബോധ്യവുമാണ്.


അതുകൊണ്ട് തന്നെ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ തെറ്റിനെ ഒരു കാരണവശാലും ന്യായീകരിക്കരുത്. അതുപോലെ തന്നെ തങ്ങളുടെ കുട്ടികളുടെ തെറ്റിന് തക്കതായ ശിക്ഷ നൽകുന്ന അദ്ധ്യാപകരെ മാതാപിതാക്കൾ എന്നും നന്ദിയോടും സ്നേഹത്തോടും കടപ്പാടോടും കൂടി ഓർക്കണം. 


5. സർക്കാർ ചെയ്യേണ്ടത്

5.1 കുട്ടി ക്രിമിനലുകൾക്കും കർശന ശിക്ഷാനിയമം

ഇന്ന് കുട്ടികളുടെ കുറ്റകൃത്യം ഏറി വരുന്നതിന്റെ കാരണം അവർക്ക് ശിക്ഷ ലഭിക്കില്ല എന്ന ഉറപ്പണ്. ഷഹബാസ് എന്ന കുട്ടിയെ അടിച്ച് കൊന്ന കുട്ടിയുടെ വോയ്സ് നോട്ട് ഇങ്ങനെയായിരുന്നു: “കൊല്ലൂംന്ന് പറഞ്ഞാ കൊല്ലും… കൂട്ടത്തല്ലിൽ മരിച്ചാൽ കേസ് ഉണ്ടാകില്ല…” ഇതിൽ നിന്ന് തന്നെ വ്യക്തമാണ് ഇത് ചെയ്തവൻ ഒരു ക്രിമിനൽ ആണെന്നും അവൻ ശിക്ഷിക്കപ്പെടില്ല എന്ന് ഉറപ്പാണ് അവന് ഈ കൃത്യം ചെയ്യാൻ പ്രോത്സാഹനം നൽകിയത് എന്നും.


കേരളത്തിൽ കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന ഒരു കുട്ടിയെ ശിക്ഷിക്കുന്നത് Care and Protection of Children Act, 2015 പ്രകാരം ജുവനൈൽ ജസ്റ്റിസ് ബോർഡ് ആണ്. എന്നാൽ ഈ ശിക്ഷകൾ ഒരു കുട്ടിയെ തെറ്റിൽ നിന്ന് പിന്തിരിപ്പിക്കാൻ പര്യാപ്തമാണ് എന്ന് തോന്നുന്നില്ല. മോഷണം, കൊലപാതകം, ലഹരിയുടെ ഉപയോഗവും വിതരണവും, ലൈംഗീക കുറ്റകൃത്യം (മയക്കുമരുന്നു ചേർത്ത് മിഠായി നൽകി ഒരു വിദ്ധ്യാർത്ഥി ഒരു പെൺകുട്ടിയെ ലൈംഗീകമായി ചൂഷണം ചെയ്തത് ഓർക്കുക), സംഘം ചേർന്നുള്ള ആക്രമം തുടങ്ങിയവയക്ക് 7 വയസ്സ് മുതലുള്ള കുട്ടികളെ മാതാപിതാക്കളിൽ നിന്ന് അകറ്റി പ്രത്യേക സ്ഥലത്ത് പാർപ്പിച്ച് കർശന ശിക്ഷാനടപടികളും തിരുത്തലുകളും നടത്തേണ്ടതുണ്ട്.


പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനം ഓടിച്ചാൽ മാതാപിതാക്കൾക്കും ശിക്ഷയുള്ളതുപോലെ മാതാപിതാക്കളുടെ പിന്തുണയോട് കൂടി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളുടെ മാതാപിതാക്കൾക്കും ശിക്ഷ നൽകേണ്ടതുണ്ട്.


5.2 16 വയസു വരെ കുട്ടികൾ സ്മാർട്ട് ഫോൺ ഉപയോഗം നിരോധിക്കുക

ഫ്രാൻസ്, നെതർലാന്റ്സ്, യു.കെ മുതലായ പാശ്ചാത്യ രാജ്യങ്ങൾ കുട്ടികളുടെ മാനസിക ആരോഗ്യവും ചൂഷണവും പരിഗണിച്ച് പൂർണ്ണമായോ ഭാഗീകമായോ കുട്ടികൾ സ്മാർട്ട്ഫോൺ ഉപയോഗം നിരോധിച്ച് കഴിഞ്ഞു.

  1. സാമൂഹിക കാരണം: മനുഷ്യന്റെ വളരെ സിമ്പിളായ ഒരു നിർവചനമാണ് “മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്” എന്നുള്ളത്. മറ്റേത് ജീവികളേക്കാളും വ്യത്യസ്ഥമാണ് മനുഷ്യൻ. അവന് സംസാരിക്കാൻ സാധിക്കും, സ്നേഹിക്കാൻ സാധിക്കും, വെറുക്കാൻ സാധിക്കും, അവന് ചിന്തിക്കാൻ സാധിക്കും, ഭാവനകൾ നെയ്യാൻ സാധിക്കും, ബന്ധങ്ങൾ സൃഷ്ടിക്കാൻ സാധിക്കും, മറ്റുള്ളവരെ സഹായിക്കാൻ സാധിക്കും… ഇതെല്ലാം അവന് സാധ്യമാകുന്നത് മറ്റ് മനുഷ്യരുമായി ഇടപഴുകുമ്പോഴാണ്. എന്നാൽ സ്വന്തം മുറിയിൽ ഒരു സ്മാർട്ട് ഫോണിലാണ് ലോകം മുഴുവനെന്നും അതിൽ കാണുന്നതെല്ലാം വാസ്തവമാണ് എന്ന മിഥ്യാധാരണയിൽ ജീവിക്കുകയാണ് പല കുട്ടികളും. ഇതിൽ നിന്നെല്ലാം അവർ സ്വതന്ത്രരാകട്ടെ… സ്വന്തം അപ്പനെയും അമ്മയെയും ഒന്ന് കാണട്ടെ. സഹോദരങ്ങളുടെ കൂടെ കളിച്ച് രസിക്കട്ടെ. കൂട്ടുകാരുടെ കൂടി ഉല്ലസിക്കട്ടെ. മാനസികാരോഗ്യം വർദ്ധിക്കട്ടെ. ജീവിതത്തിൽ ഒരു ലക്ഷ്യബോധമുണ്ടാകട്ടെ. അങ്ങനെ സമൂഹത്തോടൊപ്പം വളർന്ന് നല്ല വ്യക്തികളായി മാറട്ടെ.

  2. ശാസ്ത്രീയ കാരണം: സ്മാർട്ട് ഫോൺ കുട്ടികൾക്ക് കൊടുക്കുന്നത് തടഞ്ഞാൽ പരിഹാരം കാണുമോ എന്ന് ചോദിച്ചാൽ ഒരു പരിധിവരെ സാധിക്കും എന്ന് തന്നെയാണ് ഉത്തരം. കാരണം മനുഷ്യനെ ശരിയായ തീരുമാനങ്ങൾ എടുക്കാനും പക്വത കൈവരിക്കാനും പ്രാപ്തനാക്കുന്നത് തലച്ചോറിലെ Prefrontal Cortex എന്ന ഭാഗമാണ്. ഇതിന് പൂർണ്ണ വളർച്ചയെത്തുന്നത് ഏകദേശം 25-28 വരെയുള്ള പ്രായത്തിലാണ്. Prefrontal Cortex ആണ് ചോരതിളപ്പുള്ള യുവാവിനെ ഇരുത്തം വന്നൊരു വ്യക്തിയായി മാറ്റുന്നത്. ഏകദേശം 28 വർഷമെടുത്ത് പൂർണ്ണ വളർച്ചയിലെത്തുന്ന ഒരു ഭാഗത്തിന് 5-15 വയസ്സ് വരെയുള്ള സമയത്ത് എത്രത്തോളം വളർച്ചയുണ്ടാകും എന്ന് ചിന്തിച്ച് നോക്കൂ…


5.3 സ്കൂൾ പരിസരത്ത് ലഹരിവസ്തുക്കളുടെ ഉപയോഗത്തിന് കർശന നിയന്ത്രണവും വിൽക്കുന്നവർക്ക് കഠിന ശിക്ഷാനിയമവും.

ഇന്ന് സ്കൂൾ വിദ്ധ്യാർത്ഥികളുടെയിടയിൽ ലഹരിയുടെ ഉപയോഗം കൂടി വരുകയാണ്. പലപ്പോഴും കുട്ടികളുടെ ഇത്തരം ദുസ്വഭാവങ്ങൾ മാതാപിതാക്കൾ അറിയാതെ പോകുന്നതും കുട്ടികൾക്ക് വീട്ടിൽ സുലഭമായി ലഭിക്കുന്ന Private Room (Space) തന്നെയാണ്. ഇതിന് നിർബന്ധമായും നിയന്ത്രണം ഉണ്ടായേ മതിയാകൂ.


പലപ്പോഴും കുട്ടികൾ ചൂഷണം ചെയ്യുന്നത് മാതാപിതാക്കളുടെ അപകർഷതാബോധമാണ്. കുട്ടികൾക്ക് തങ്ങളെക്കാൾ കൂടുതൽ കാര്യങ്ങൾ അറിയാം എന്ന അപകർഷതാബോധം. എന്നാൽ അങ്ങനെയല്ല. അവർക്ക് നല്ല നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക തന്നെ വേണം. 


ഇതുപോലെ കുട്ടികൾക്ക് ലഹരിവിതരണം ചെയ്യുന്നവർക്ക് അവർ ജീവിതത്തിൽ ഒരിക്കലും ആവർത്തിക്കില്ലാത്ത തരത്തിലുള്ള ശിക്ഷകൾ നൽകണം. പിന്നെ ഇടയ്ക്കിടക്ക് നിയമസഭ കൂടുന്നുണ്ടല്ലോ? ഇത്തരം സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കാൻ എന്തേ ഒരു ചർച്ചയും ഉണ്ടാകാത്തത്. ഇതിന് ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ഉത്തരവാദികൾ തന്നെയാണ്.


5.4 ടീച്ചർമാർക്ക് വടി തിരിച്ച് നൽകുക

Right to Education (RTE) Act, 2009, Section 17 ആണ് സ്കൂൾ കുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിൽ നിന്ന് തടയുന്നത്. ഈ നിയമം മൂലം അദ്ധ്യാപകർ വടിയുപയോഗിക്കുന്നതിൽ നിന്ന് വിലക്കുന്നു. എന്നാൽ ഈ നിയമം ഉപകാരത്തേക്കാൾ ഏറെ സമൂഹത്തിന് ഉപദ്രവമാണ് എന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു. 


ഓരോ കുട്ടിയും പൂർണ്ണ വളർച്ച എത്താത്ത വ്യക്തികൾ ആണ്. അവരുടെ വ്യക്തിത്വ രൂപീകരണത്തിൽ ഏറ്റവും കൂടുതൽ പങ്ക് വഹിക്കുന്നത് മാതാപിതാക്കളും അദ്ധ്യാപകരും തന്നെയാണ്. അവരുടെ കടമയാണ് തല്ലേണ്ടപ്പോൾ തല്ലുക എന്നതും തലോടണ്ടപ്പോൾ തലോടുക എന്നതും. എങ്കിൽ മാത്രമേ നല്ല വ്യക്തികളെ സമൂഹത്തിന് ലഭിക്കുകയുള്ളൂ. അതുപോലെ തന്നെ അവർക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതും അനിവാര്യമാണ്. അല്ലാതെ അഴിച്ച് വിടാൻ ഒരു കാരണവശാലും പാടില്ല.


അതുപോലെ തന്നെ സർക്കാർ മനസിലാക്കേണ്ട ഒരു കാര്യം അദ്ധ്യാപകരും ഈ രാജ്യത്തെ പൗരന്മാരാണ് എന്നതാണ്. അവർക്കും ചൂഷണത്തിൽ നിന്നും അക്രമത്തിൽ നിന്നും സംരക്ഷണം ആവശ്യമാണ്; പ്രത്യേകിച്ച് തൊഴിലിടത്തിൽ. പട്ടം സ്കൂളിലെ അദ്ധ്യാപികയെ ആക്രമിക്കാൻ ശ്രമിച്ച കുട്ടിയെക്കാളും അവന്റെ ആക്രമവാസനയെ പിന്തുണയ്ക്കുന്ന മാതാപിതാക്കളാണ് വലിയ തെറ്റുകാർ.


ഒന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക: Part-1

Click this icon for more articles: 🏠 

Post a Comment

0 Comments